കഴിഞ്ഞ ഐ പി എൽ സീസൺ കഴിഞ്ഞപ്പോൾ പലരും ഇന്ത്യൻ ടീമിലേക്ക് സജസ്റ്റ് ചെയ്ത പേരുകളിൽ ഒന്നായിരുന്നു മൊഹ്സിൻ ഖാൻ. ഇന്ന് അതെന്തിനായിരുന്നു എന്നുള്ള ഓർമ്മിപ്പിക്കൽ ആയിരുന്നു. ബാറ്റ്ർമാരുടെ സീസൺ ആയ ഐ പി എല്ലിൽ അവസാന ഓവറിൽ ഡിഫൻഡ് ചെയ്യാൻ മൊഹ്സിന് മുന്നിൽ ഉണ്ടായിരുന്നത് വെറും 11 റൺസ്. നിഷ്പ്രയാസം എടുക്കാം എന്ന് പലരും കരുതിയ റൺസ്.
ബാറ്റ് ചെയ്യാൻ കളത്തിൽ ഉള്ളത് രണ്ട് ബിഗ് ഹിറ്റേഴ്സ്. ടിം ഡേവിഡും കാമറൺ ഗ്രീനും. രാജസ്ഥാൻ റോയൽസിന് എതിരെ ഹോൾഡറിനെ മൂന്ന് സിക്സ് അടിച്ച് അവസാന ഓവറിൽ 17 ചെയ്സ് ചെയ്ത ടിം ഡേവിഡ് ഉണ്ടാകുമ്പോൾ 11 ഒന്നും ഒരു ലക്ഷ്യമേ അല്ല എന്ന് പലരും കരുതി. പക്ഷെ മൊഹ്സിൻ ഖാന് കൃത്യമായ പ്ലാനുകൾ ഉണ്ടായിരുന്നു.
സമ്മർദ്ദം ഇല്ലാതെ മൊഹ്സിൻ പന്തെറിഞ്ഞു. തന്റെ റണ്ണപ്പ് കുറച്ച് ബൗണ്ടറി കൊടുക്കില്ല എന്ന് ഉറപ്പിച്ച ആറ് പന്തുകൾ. ആകെ വന്നത് അഞ്ചു റൺസ്. ലഖ്നൗവിനെ പ്ലേ ഓഫിന് തൊട്ടടുത്ത് എത്തിച്ച 5 റൺസിന്റെ വിജയം. ഈ സീസൺ പകുതിയോളം നഷ്ടപ്പെട്ട മൊഹ്സിൻ ഖാൻ പൂർണ്ണ ഫിറ്റ്നസിലേക്ക് വരുന്നേയുള്ളൂ. ഈ ഓവർ മൊഹ്സിന്റെ തിരിച്ചുവരവായി തന്നെ കണക്കാക്കാൻ ആകും.