പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 159 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. മിച്ചൽ മാര്‍ഷ് നേടിയ 63 റൺസിനൊപ്പം സര്‍ഫ്രാസ് ഖാന്‍ 32 ആണ് ഡൽഹി നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. 7 വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്.
ഒരു ഘട്ടത്തിൽ 98/2 എന്ന നിലയിലായിരുന്ന ടീമിന് 3 വിക്കറ്റ് 14 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും മാര്‍ഷ് ടീമിനെ 150ന് അടുത്തേക്ക് എത്തിച്ചു.
ആദ്യ ഓവര്‍ എറിയാനെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ കണ്ട് സ്ട്രൈക്ക് താന്‍ എടുക്കാമെന്ന് പറഞ്ഞ ഡേവിഡ് വാര്‍ണര്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാനും മിച്ചൽ മാര്‍ഷും ചേര്‍ന്ന് 51 റൺസ് നേടി മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്.
16 പന്തിൽ 32 റൺസ് നേടിയ സര്‍ഫ്രാസിനെയും 24 റൺസ് നേടിയ ലളിത് യാദവിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ ഡൽഹി 11 ഓവറിൽ 98/3 എന്ന നിലയിലായിരുന്നു. തന്റെ അടുത്തടുത്ത ഓവറുകളിൽ ലിയാം ലിവിംഗ്സ്റ്റൺ ഋഷഭ് പന്തിനെയും റോവ്മന്‍ പവലിനെയും പുറത്താക്കിയപ്പോള്‍ ഡൽഹി കരുതുറ്റ നിലയിൽ നിന്ന് 112/5 എന്ന നിലയിലേക്ക് വീണു.
അവിടെ നിന്ന് മിച്ചൽ മാര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19ാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മാര്‍ഷ് 63 റൺസാണ് നേടിയത്. ലിവിംഗ്സ്റ്റണിന് പുറമെ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേൽ 17 റൺസുമായി പുറത്താകാതെ നിന്നു.