ഐപിഎലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ്. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ നല്‍കിയ തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ മുംബൈ പതറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് മുംബൈയ്ക്ക് നല്‍കിയത്. ഡി കോക്ക് ഒരു വശത്ത് തകര്‍ത്തടിച്ചപ്പോള്‍ രോഹിത്തിനെ മുംബൈയ്ക്ക് വേഗത്തില്‍ നഷ്ടമാകുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ രോഹിത് കുടുങ്ങി. അശ്വിനായിരുന്നു വിക്കറ്റ്.
അതിന് ശേഷം സൂര്യകുമാര്‍ യാദവും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഡി കോക്കിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്. പത്തോവറില്‍ 92 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.
അധികം വൈകാതെ സ്കോര്‍ നൂറിലെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ മുംബൈയ്ക്ക് നഷ്ടമായി. 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ യാദവിന്റെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ കൈറണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കി അശ്വിന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ മത്സരത്തില്‍ മുംബൈ 101/4 എന്ന നിലയിലേക്ക് വീണു. 78/1 എന്ന നിലയില്‍ അതി ശക്തമായ നിലയില്‍ നിന്നായിരുന്നു മുംബൈയുടെ തകര്‍ച്ച.
39 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ 13 റണ്‍സ് നേടിയ ക്രുണാലിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിനിസ് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ താരത്തെ പുറത്താക്കുകയായിരുന്നു.
23 പന്തില്‍ നിന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് മുംബൈയെ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ കിഷനൊപ്പം 5 സിക്സ് അടക്കം 14 പന്തില്‍ നിന്ന് 37 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും അടിച്ച് തകര്‍ത്തപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും തല്ല് വാങ്ങിക്കൂട്ടുകയായിരുന്നു.