ഐപിഎലില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ പോരാട്ടത്തിൽ 5 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ഓവറിൽ 22 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാനും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് 25 റൺസ് നേടിയാണ് ലക്ഷ്യം മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിച്ചത്. ഓവറിലെ ആദ്യ പന്തിൽ തെവാത്തിയ സിക്സര്‍ നേടിയപ്പോള്‍ മൂന്നും അഞ്ചും ആറും പന്തിൽ സിക്സ് നേടി റഷീദ് ഖാന്‍ ആണ് ഹീറോ ആയി മാറിയത്.
റഷീദ് 11 പന്തിൽ 31 റൺസ് നേടിയപ്പോള്‍ തെവാത്തിയ 21 പന്തിൽ 40 റൺസ് നേടി വിജയം ഉറപ്പാക്കി.
ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഗുജറാത്തിന്റെ നടുവൊടിച്ചത്. വൃദ്ധിമന്‍ സാഹ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ലക്ഷ്യം ഗുജറാത്ത് സ്വന്തമാക്കുമെന്ന് തോന്നിയ നിമിഷത്തിൽ നിന്നാണ് ഉമ്രാന്‍ മാലിക്കിന്റെ തകര്‍പ്പന്‍ സ്പെൽ. 4 ഓവറിൽ 25 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് ഉമ്രാന്‍ മാലിക് നേടിയത്. ഇതിൽ സാഹയുടെ വിക്കറ്റും ഉള്‍പ്പെടുന്നു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. സാഹയായിരുന്നു ഈ ഓപ്പണിംഗ് കൂട്ടുകെട്ടിൽ സൺറൈസേഴ്സ് ഹൈദ്രാബാദ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ഉമ്രാന്‍ മാലികിലൂടെ സൺറൈസേഴ്സ് നടത്തുകയായിരുന്നു.
22 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഉമ്രാന്‍ മാലിക് പുറത്താക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 85/2 എന്ന നിലയിലേക്ക് വീണു. ഇതിനിടെയും സാഹ തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും 38 പന്തിൽ 68 റൺസ് നേടി സാഹയെ തകര്‍പ്പന്‍ ഒരു പന്തിലൂടെ മാലിക് പുറത്താക്കുകയായിരുന്നു.
ഡേവിഡ് മില്ലറെയും അഭിനവ് മനോഹരെയും കൂടി മാലിക് പുറത്താക്കിയപ്പോള്‍ 5 വിക്കറ്റിൽ 4 വിക്കറ്റും ബൗള്‍ഡായിരുന്നു. 18 പന്തിൽ 47 റൺസ് ഗുജറാത്തിന് വേണ്ട ഘട്ടത്തിൽ 20 റൺസ് നേടിയ രാഹുല്‍ തെവാത്തിയ ആണ് ഗുജറാത്തിന്റെ പ്രതീക്ഷയായി ക്രീസിലുള്ളത്.
അടുത്ത രണ്ടോവറിൽ 25 റൺസ് രാഹുല്‍ തെവാത്തിയയും റഷീദ് ഖാനും ചേര്‍ന്ന് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 22 റൺസ് ആയിരുന്നു. അവസാന ഓവറിൽ 4 സിക്സ് പിറന്നപ്പോള്‍ വിജയം സൺറൈസേഴ്സിൽ നിന്ന് ഗുജറാത്ത് തട്ടിയെടുക്കുന്നതാണ് കണ്ടത്.