കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിൽ പുതിയ റെക്കോർഡിട്ട് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ച് എടുത്ത ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 ക്യാച്ചുകൾ എടുക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി.
മത്സരത്തിന്റെ പതിനെട്ടാമത്തെ ഓവറിൽ ഷർദുൾ താക്കൂറിന്റെ പന്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ച് എടുത്താണ് ധോണി വിക്കറ്റ് കീപ്പർ എന്ന നിലയിൽ 100 ക്യാച്ചുകൾ ഐ.പി.എല്ലിൽ എടുത്തത്. 195 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തികാണ്.
186 മത്സരങ്ങളിൽ നിന്ന് 103 ക്യാച്ചുകളാണ് ദിനേശ് കാർത്തിക് എടുത്തത്. എന്നാൽ ഫീൽഡർ എന്ന നിലയിൽ 30 ക്യാച്ചുകൾ വേറെയും കാർത്തിക് എടുത്തിട്ടുണ്ട്. 90 ക്യാച്ചുകൾ എടുത്ത രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.