തോറ്റെങ്കിലും ടി20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ലുമായി മഹേന്ദ്ര സിംഗ് ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർ.സി.ബിക്കെതിരെ തോറ്റെങ്കിലും ടി20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ലുമായി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ ആർ.സി.ബി സ്പിന്നർ ചഹാലിനെതിരെ സിക്സ് നേടിയ ധോണി ടി20 ക്രിക്കറ്റിൽ 300 സിക്സുകൾ എന്ന നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ധോണി. സിക്സ് നേടിയെങ്കിലും 6 പന്തിൽ 10 റൺസ് എടുത്ത് ധോണി ചഹാലിന് വിക്കറ്റ് നൽകി മടങ്ങുകയും ചെയ്തു.

രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു ഇന്ത്യക്കാർ. രോഹിത് ശർമ്മ 375 സിക്‌സും സുരേഷ് റെയ്ന 311 സിക്സുമാണ് ടി20യിൽ നേടിയത്. അതെ സമയം ധോണി നേടിയ സിക്സുകളിൽ 52 സിക്സുകൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി നേടിയത്. ബാക്കി 214 സിക്സുകളും ഇന്ത്യൻ പ്രീമിയർ ലീഗിലായിരുന്നു. ലോക ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന 23മത്തെ താരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി.