ലക്നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ സഹീർ ഖാനുമായി വഴിപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025-ലെ ഐപിഎല്ലിൽ റിഷഭ് പന്തിൻ്റെ നേതൃത്വത്തിൽ ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഈ തീരുമാനം. 2024-ൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലക്നൗവിൽ എത്തിയ സഹീർ ഖാൻ, മോൺ മോർക്കൽ പോയതോടെ ബൗളിംഗ് കോച്ചിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇനി ലക്നൗ സൂപ്പർ ജയന്റ്‌സിന് പുറമെ RPSG ഗ്രൂപ്പിന്റെ മറ്റ് ക്രിക്കറ്റ് ടീമുകളായ ദി ഹണ്ട്രഡിലെ മാഞ്ചസ്റ്റർ ഒറിജിനൽസ്, SA20-യിലെ ഡർബൻ സൂപ്പർ ജയന്റ്‌സ് എന്നിവയുടെയും ചുമതല വഹിക്കാൻ കഴിയുന്ന ഒരു മെന്ററെയാണ് മാനേജ്മെന്റ് തിരയുന്നത്.
ടീം ഉടമ സഞ്ജീവ് ഗോയങ്ക നിലവിൽ ദി ഹണ്ട്രഡ് ടൂർണമെൻ്റിനായി യുകെയിലാണ്. RPSG ഗ്രൂപ്പിന്റെ എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ നിയമിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുണിനെ ലക്നൗവിൻ്റെ ബൗളിംഗ് കോച്ചായി ടീം നേരത്തെ തന്നെ നിയമിച്ചിരുന്നു.