രാഹുലിന്റെ ചിറകിലേറി ലക്നൗ, മുംബൈയ്ക്കെതിരെ 168 റൺസ്

ഐപിഎലിൽ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈയ്ക്കെതിരെ 168 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. കെഎൽ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസ് നേടി പുറത്താകാതെ നിന്ന് രാഹുലാണ് ലക്നൗവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. 62 പന്തിലാണ് രാഹുലിന്റെ ഈ നേട്ടം.

ക്വിന്റൺ ഡി കോക്കിനെ ജസ്പ്രീത് ബുംറ മടക്കിയയ്ച്ചതിന് ശേഷം മനീഷ് പാണ്ടേയെ കൂട്ടുപിടിച്ച് രാഹുല്‍ ലക്നൗവിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 22 റൺസ് നേടിയ മനീഷ് പുറത്താകുമ്പോള്‍ 85 റൺസായിരുന്നു ലക്നൗ നേടിയത്.

ഒരു വശത്ത് കെഎൽ രാഹുല്‍ തന്റെ സ്കോറിംഗ് വേഗത്തിലാക്കിയെങ്കിലും സ്റ്റോയിനിസിനെയും ക്രുണാൽ പാണ്ഡ്യയെയും പന്തുകളുടെ വ്യത്യാസത്തിൽ നഷ്ടമായത് ലക്നൗവിന് തിരിച്ചടിയായി.

Mumbaiindians

ദീപക് ഹൂഡയടെ വിക്കറ്റും ടീമിന് നഷ്ടമാകുമ്പോള്‍ ടീം 121/5 എന്ന നിലയിലായിരുന്നു. അവസാന ഓവറിൽ രാഹുല്‍ ആദ്യ പന്തിൽ സിക്സര്‍ നേടിയാണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. പിന്നീടുള്ള ഓവറുകളിൽ 25 പന്തിൽ 47 റൺസ് നേടി കെഎൽ രാഹുലും ആയുഷ് ബദോനിയും ലക്നൗവിനെ മുന്നോട്ട് നയിച്ചു. ബദോനി രണ്ട് പന്ത് അവശേഷിക്കവെ പുറത്താകുമ്പോള്‍ 14 റൺസാണ് താരം നേടിയത്.