കൂറ്റന്‍ വിജയ ലക്ഷ്യമായ 233 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ അവസാന ഓവറുകള്‍ വരെ പ്രതീക്ഷ നല്‍കി ഹാര്‍ദ്ദിക് പാണ്ഡ്യ പൊരുതിയെങ്കിലും തുടക്കത്തില്‍ വേഗതയോടെ സ്കോറിംഗ് മുന്നോട്ട് നയിക്കാനാകാതെ പോയതും വിക്കറ്റുകള്‍ ഏറെ നഷ്ടമായതും മുംബൈയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. 20 ഓവറില്‍ മുംബൈയെ 7 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ പിടിച്ചുകെട്ടി കൊല്‍ക്കത്ത 34 റണ്‍സിന്റെ വിജയമാണ് ഇന്ന് നേടിയത്. ജയത്തോടെ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകളെ സജീവമാക്കി നിര്‍ത്തുവാനും ടീമിനായി.
58/4 എന്ന നിലയിലേക്ക് 8.2 ഓവറില്‍ വീണ ശേഷം ഹാര്‍ദ്ദിക് ഒറ്റയ്ക്ക് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും 18ാം ഓവറിന്റെ അവസാന പന്തില്‍ ആന്‍ഡ്രേ റസ്സല്‍ പിടിച്ച് ഹാര്‍ദ്ദിക് പുറത്തായപ്പോള്‍ മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. 34 പന്തില്‍ 91 റണ്‍സ് നേടി പുറത്താകുമ്പോള്‍ താരം 6 ഫോറും 9 സിക്സുമാണ് മത്സരത്തില്‍ നേടിയത്.
24 പന്തില്‍ 73 റണ്‍സെന്ന ശ്രമകരമായ ലക്ഷ്യമായിരുന്നു മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ മുംബൈ നേടേണ്ടിയിരുന്നുത്. സുനില്‍ നരൈന്‍ എറിഞ്ഞ 17ാം ഓവറില്‍ ഒരു സിക്സും ഫോറും സഹിതം 14 റണ്‍സ് മുംബൈ നേടിയപ്പോള്‍ ലക്ഷ്യം മൂന്നോവറില്‍ 59 റണ്‍സായി മാറി. ഹാരി ഗുര്‍ണേ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ക്രുണാല്‍ പാണ്ഡ്യയെ നിര്‍ത്തി ഗുര്‍ണേ വലിയ അടികള്‍ തടയിട്ടുവെങ്കിലും സ്ട്രൈക്ക് വീണ്ടും ഹാര്‍ദ്ദികിലേക്ക് എത്തിയപ്പോള്‍ സിക്സും ഫോറും നേടി ഹാര്‍ദ്ദിക് 90കളിലേക്ക് എത്തി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ താരത്തെ പുറത്താക്കി ഗുര്‍ണേ മത്സരത്തിലേക്ക് കൊല്‍ക്കത്തയെ തിരികെ കൊണ്ടുവന്നു.
19ാം ഓവറില്‍ ആന്‍ഡ്രേ റസ്സല്‍ 5 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 43 ആയി. തോല്‍വിയുടെ ഭാരം 34 റണ്‍സാക്കി കുറയ്ക്കുവാന്‍ മാത്രമേ പിന്നീട് മുംബൈയ്ക്ക് സാധിച്ചുള്ളു. തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത തങ്ങളുടെ ഒരു വിജയം സ്വന്തമാക്കുന്നത്.
ഹാര്‍ദ്ദിക് കളം നിറഞ്ഞ് ബാറ്റ് ചെയ്തപ്പോളും ആന്‍ഡ്രേ റസ്സലായിരുന്നു കൊല്‍ക്കത്ത ബൗളിംഗിലെ സ്റ്റാര്‍ പ്ലേയര്‍. വെറും 25 റണ്‍സിനാണ് റസ്സല്‍ രണ്ട് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് നേടിയ മറ്റു താരങ്ങളില്‍ സുനില്‍ നരൈന്‍ 44 റണ്‍സും ഹാരി ഗുര്‍ണേ 37 റണ്‍സും വഴങ്ങി. മലയാളി താരം സന്ദീപ് വാര്യര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 29 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. 1 വിക്കറ്റ് നേടിയ പിയൂഷ് ചൗള 57 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്.
സൂര്യകുമാര്‍ യാദവ്(26), കീറണ്‍ പൊള്ളാര്‍ഡ്(20), ക്രുണാല്‍ പാണ്ഡ്യ(24) എന്നിവരാണ് മുംബൈ നിരയില്‍ 20നു മുകളില്‍ റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.