ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആദ്യം ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിക്കെതിരെ 20 ഓവറിൽ 222 റൺസ് എടുത്തു. ഇന്ന് മികച്ച തുടക്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചു. ഫിൽ സാൾട്ടിന്റെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തക്ക് കരുത്തായത്.
തുടക്കത്തിൽ സാൾട്ട് 14 പന്തിൽ 48 റൺസ് അടിച്ചു മികച്ച തുടക്കമാണ് കെ കെ ആറിന് നൽകിയത്. അവർ പവർപ്ലെയിൽ 75 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ സാൾട്ടിന്റെ വിക്കറ്റ് പോയതോടെ കെ കെ ആർ റൺറേറ്റ് കുറഞ്ഞു തുടങ്ങി. അവസാന മത്സരങ്ങളിലെ ഹീറോ ആയ നരൈൻ ഇന്ന് കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. വൈഡ് യോർക്കറുകളും ഇൻസ്വിംഗ് യോർക്കറും എറിഞ്ഞ് നരൈനെ പിടിച്ചു കെട്ടാൻ ആർ സി ബി ബോളർമാർക്കായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമേ നരൈൻ എടുത്തുള്ളൂ.
മൂന്ന് റൺസെടുത്ത രഗുവൻഷി, 16 എടുത്ത വെങ്കിടേഷ് അയ്യർ, 24 റൺസ് എടുത്ത റിങ്കു സിങ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസും റസ്സലും ചേർന്ന് കൊൽക്കത്തയെ 200ലേക്ക് അടുപ്പിച്ചു. ശ്രേയസ് 36 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ആണ് താരം അടിച്ചത്.
അവസാനം രമന്ദീപ് ഇറങ്ങി 9 പന്തിൽ 24 റൺസ് അടിച്ചു കൂട്ടി. റസൽ 20 പന്തിൽ 27 റൺസും എടുത്തു.