ഈ ഐ പി എൽ സീസണിൽ കളി നിർത്തി വെക്കുന്നത് വരെ ദയനീയ പ്രകടനമായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കാഴ്ചവെച്ചത്. അവർ ഇപ്പോൾ ടാബിളിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. എങ്കിലും കൊൽക്കത്ത പ്ലേ ഓഫിൽ എത്തും എന്ന് മുൻ കെ കെ ആർ ക്യാപ്റ്റൻ കൂടിയായ ദിനേഷ് കാർത്തിക് പറയുന്നു. ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ ആറെണ്ണവും ജയിച്ച് ഐപിഎൽ പ്ലേഓഫിലേക്ക് യോഗ്യത നേടുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
രണ്ട് തവണ മുമ്പ് ഐ പി എൽ ചാമ്പ്യന്മാരായ കെ കെ ആറിന് ഐപിഎൽ 2021ന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം നടത്താനായില്ല, അവർക്ക് ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ രണ്ട് മത്സരങ്ങളെ വിജയിക്കാൻ കഴിഞ്ഞുള്ളൂ.
“ഞങ്ങൾക്ക് ഏഴ് മത്സരങ്ങളിൽ ആറിലും വിജയിക്കാൻ ആയാൽ മതി. ഒരോ മത്സരങ്ങളായി എടുത്ത് മുന്നോട്ട് പോയാൽ അത് നടക്കും.”KKR വെബ്സൈറ്റിൽ കാർത്തിക് പറഞ്ഞു.
“കെകെആർ വളരെ പോസിറ്റീവും ആക്രമണാത്മകവുമായ ക്രിക്കറ്റ് ആണ് എന്നും കളിക്കാറുള്ളത്. ഐ പി എല്ലിന്റെ രണ്ടാം പകുതിയിലും അത് തന്നെ തുടരും. ടീം സ്പിരിറ്റ് നല്ലതാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ഞങ്ങൾ പോസിറ്റീവാണ്, ഞങ്ങൾക്ക് എപ്പോഴും ഒരു പോസിറ്റീവിറ്റി നൽകുന്ന പരിശീലകനുമുണ്ട്, ”അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 20ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തോടെയാണ് കെ കെ ആർ ഐപിഎൽ 2021 പുനരാരംഭിക്കുന്നത്.