ലക്നൗവിനെ വീഴ്ത്തി ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ്!!! 15.4 ഓവറിൽ കൊൽക്കത്തയുടെ വിജയം

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ വിജയം കൊയ്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ് പ്രകടനം കൊൽക്കത്തയെ 8 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15.4 ഓവറിലാണ് കൊൽക്കത്തയുടെ വിജയം. ഫിൽ സാള്‍ട്ട് 47 പന്തിൽ 89  റൺസ് നേടിയാണ് കൊൽക്കത്തയുടെ വിജയം ഒരുക്കിയത്. ശ്രേയസ്സ് അയ്യര്‍ 38 റൺസ് നേടി.

ഷമാര്‍ ജോസഫ് തന്റെ അരങ്ങേറ്റം കുറിച്ചപ്പോള്‍ താരത്തിന്റെ ബൗളിംഗ് ദുരന്തമായി മാറുന്നതാണ് കണ്ടത്. നിയന്ത്രണമില്ലാതെ എക്സ്ട്രാസ് പിറന്നപ്പോള്‍ 22 റൺസാണ് ആദ്യ ഓവറിൽ നിന്ന് വന്നത്. രണ്ടാം ഓവറിൽ മൊഹ്സിന്‍ ഖാന്‍ അപകടകാരിയായ സുനിൽ നരൈനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ കൊൽക്കത്തയ്ക്ക് 22 റൺസായിരുന്നു.

Philsaltshreyasiyer

മെഹ്സിന്‍ ഖാന്‍ തന്നെയാണ് അംഗ്കൃഷ് രഘുവംശിയെയും പുറത്താക്കിയത്. 42/2 എന്ന നിലയിൽ നിന്ന് കൊൽക്കത്തയെ ഫിൽ സാള്‍ട്ട് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 120 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ കൊൽക്കത്തയ്ക്കായി നേടിയത്.