വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. അനായാസം നേടുമെന്ന കരുതിയ വിജയം ആണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന പന്ത് വരെ കൊണ്ടെത്തിച്ചത്.

പഞ്ചാബ് ഓപ്പണര്‍മാര്‍ തങ്ങളുടെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതിനോടൊപ്പം ടീമിലേക്ക് തിരികെ എത്തിയ ക്രിസ് ഗെയിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ 8 വിക്കറ്റിന്റെ വിജയം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും ക്രിസ് ഗെയിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മയാംഗ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യൂസുവേന്ദ്ര ചഹാല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് വീണ്ടും പടിക്കല്‍ കലം കൊണ്ടുടയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സിക്സര്‍ നേടി അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Mayankrahul

ആറോവറില്‍ 56 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 8ാം ഓവറില്‍ ചഹാലിനെ സിക്സര്‍ പറത്തിയ മയാംഗ് എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 78 റണ്‍സാണ് രാഹുല്‍ – മയാംഗ് കൂട്ടുകെട്ട് ഇന്ന് നേടിയത്. 25 പന്തില്‍ നിന്ന് 45 റണ്‍സാണ് മയാംഗ് ഇന്ന് നേടിയത്.

മയാംഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ക്രിസ് ഗെയില്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിനെ ഒരോവറില്‍ രണ്ട് സിക്സുകള്‍ക്ക് പറത്തി തന്റെ പഴയ പ്രതാപം കൈവമോശം വന്നില്ലെന്ന ചെറിയ സൂചന നല്‍കി. പത്തോവര്‍ പിന്നിടുമ്പോള്‍ 84 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

37 പന്തില്‍ നിന്ന് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ഈ സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്നു. അവസാന ആറോവറില്‍ 49 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 9 വിക്കറ്റും.

സൈനി എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ സിറാജ് എറിഞ്ഞ 16ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് നേടിയത്. ഇതിനിടെ ഇരുവരും ചേര്‍ന്ന് തങ്ങളുടെ അര്‍ദ്ധ ശതക കൂട്ടുകെട്ടും ഓവറില്‍ പൂര്‍ത്തിയാക്കിയിരുന്നു.

വീണ്ടും ബൗളിംഗിലേക്ക് എത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ തുടരെ സിക്സുകള്‍ക്ക് പറത്തി ലക്ഷ്യം 18 പന്തില്‍ 11 റണ്‍സാക്കുക ചെയ്ത. ഓവറില്‍ നിന്ന് 15 റണ്‍സാണ് പിറന്നത്. 36 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്.

93 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് ഇന്ന് നേടിയത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ചഹാലിനെതിരെ സ്കോറിംഗ് പ്രയാസമായി മാറുകയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് നേടി ഗെയില്‍ വിജയ റണ്‍സ് നേടുവാന്‍ രാഹുലിനെ ഏല്പിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ഓടുവാന്‍ ശ്രമിക്കുന്നതിനിടെ ക്രിസ് ഗെയില്‍ റണ്ണൗട്ടാകുകയായിരുന്നു. വീണ്ടുമൊരു മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിക്കോളസ് പൂരന്‍ സിക്സര്‍ പറത്തി മത്സരം കിംഗ്സ് ഇലവന് അനുകൂലമാക്കി.

45 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഗെയില്‍ 5 സിക്സാണ് നേടിയത്. ലോകേഷ് രാഹുല്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 61 റണ്‍സ് നേടി. 5 സിക്സാണ് താരം നേടിയത്.