പണം തന്നെ ബാധിക്കുവാന്‍ അനുവദിക്കില്ല, പൈസ കൈകാര്യം ചെയ്യുന്നത് പിതാവ് – തിലക് വര്‍മ്മ

ഐപിഎലില്‍ ഈ സീസണിലെ കണ്ടെത്തലുകളിൽ ഒരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മ്മ. മോശം സീസണിൽ മുംബൈയ്ക്ക് ആശ്വാസമെന്ന് പറയാവുന്നത് താരത്തിന്റെ പ്രകടനം ആയിരുന്നു.

19 വയസ്സുകാരന്‍ താരത്തെ മുംബൈ 1.7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്ന് 394 റൺസ് നേടിയ താരം ആയിരുന്നു പല മത്സരങ്ങളിലും മുംബൈയുടെ മുഖം രക്ഷിച്ചത്.

എന്നാൽ തനിക്ക് ലഭിച്ച പണം തന്നെ ബാധിക്കാതിരിക്കുവാന്‍ താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. താന്‍ പണമെല്ലാം പിതാവിനെയാണ് ഏല്പിച്ചതെന്നും അത് കൈകാര്യം ചെയ്യുവാന്‍ അദ്ദേഹത്തിനെ ഏല്പിച്ച് താന്‍ ഇപ്പോളും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തിലക് വര്‍മ്മ വ്യക്തമാക്കി.

തന്റെ പിതാവ് ഒരു ഇലക്ട്രീഷ്യനായിരുന്നുവെന്നും താന്‍ ഒരു ഡോക്ടര്‍ ആവണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മുംബൈ ഇന്ത്യന്‍ താരം സൂചിപ്പിച്ചു. തനിക്ക് പരമ്പരാഗത കരിയര്‍ ഉപാദികളെക്കുറിച്ച് അല്ലാതെ ഒന്നും ചിന്തിക്കാനാകില്ലായിരുന്നുവെന്നും കാരണം തന്റെ കുടുംബത്തിന് സ്ഥിരവരുമാനം വേണ്ടത് അത്രമാത്രം നിര്‍ണ്ണായകമായ ഒന്നായിരുന്നുവെന്നും തിലക് കൂട്ടിചേര്‍ത്തു.