ഹൈദരാബാദിന് കനത്ത തിരിച്ചടി, ചെന്നൈക്കെതിരെ വില്യംസൺ ഇല്ല

Staff Reporter

പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാൻ ഒരുങ്ങുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കളിക്കില്ല. വില്യംസണിന്റെ അഭാവത്തിൽ ഫാസ്റ്റ് ബൗളർ ബുവനേശ്വർ കുമാർ ഹൈദരാബാദിനെ നയിക്കും. കെയ്ൻ വില്യംസൺ പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ അഞ്ചു മത്സരങ്ങളിൽ ബുവനേശ്വർ കുമാർ ആയിരുന്നു ഹൈദരാബാദിനെ നയിച്ചത്.

വില്യംസണിന്റെ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനെ തുടർന്നാണ് താരത്തിന് ഇന്നത്തെ മത്സരം നഷ്ടമാവുക. അടുത്ത ശനിയാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് താരം തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങൾ തുടർച്ചയായി ജയിച്ച ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.