റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഐപിഎലില്‍ ഫിനിഷറുടെ റോളില്‍ വിജയം കൊയ്യുവാന്‍ ഓസ്ട്രേലിയന്‍ യുവ താരം ജോഷ്വ ഫിലിപ്പിന് സാധിക്കുമെന്നാണ് ഓസ്ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനും ആര്‍സിബിയില്‍ ടീമിന്റെ സഹതാരവുമായ ആരോണ്‍ ഫിഞ്ച് പറയുന്നത്. ആഡം ഗില്‍ക്രിസ്റ്റ്, എബി ഡി വില്ലിയേഴ്സ് തുടങ്ങിയവരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ജോഷ്വ ഫിലിപ്പ്.
ആദ്യ മത്സരത്തില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചുവെങ്കിലും പാര്‍ത്ഥിവ് പട്ടേലിന്റെ സാന്നിദ്ധ്യവും ഐപിഎലില്‍ ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ക്രിസ് മോറിസിനെ ടീം ഉപയോഗിക്കുകയാണെങ്കിലും താരത്തിന്റെ സ്ഥാനം നഷ്ടപ്പെടുവാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയ താരത്തിന് അധികം പ്രഭാവമൊന്നും സൃഷ്ടിക്കാനായിട്ടില്ല.
ക്രിസ് മോറിസിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ജോഷ് ഫിലിപ്പ് ആകും പുറത്ത് പോകേണ്ടി വരിക. അധികം പരിചയസമ്പത്തില്ലാത്തതും താരത്തിന് ടീം സെലക്ഷനില്‍ വിനയായേക്കുമെന്നാണ് കരുതപ്പെടുന്നത്. ബിഗ് ബാഷില്‍ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരം 487 റണ്‍സുമായി സീസണിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറര്‍ ആയി.
ജോഷ് ഫിലിപ്പ് ബിഗ് ബാഷില്‍ ടോപ് ഓര്‍ഡറിലാണ് കളിച്ചിട്ടുള്ളതെങ്കിലും ടീമിന്റെ ആവശ്യാനുസരണം ഫിനിഷറുടെ റോളിലും താരത്തിന് തിളങ്ങാനാകുമെന്നാണ് ആരോണ്‍ ഫിഞ്ച് പറയുന്നത്. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും കളിക്കുവാന്‍ കഴിവുള്ള താരമാണ് ഫിലിപ്പ് എന്നും ഫിഞ്ച് വ്യക്തമാക്കി.
മികച്ച പ്രതിഭയുള്ള താരം ഇനിയുള്ള മത്സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി.