ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിംഗ് വെടിക്കെട്ട് പുറത്ത് വിട്ട് ഡൽഹി ക്യാപിറ്റൽസ് ഓപ്പണര്‍ ജേക്ക് ഫ്രേസര്‍-മകഗര്‍ക്ക്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ഡൽഹിയെ 257 റൺസിലേക്ക് എത്തിച്ച് ഷായി ഹോപും ട്രിസ്റ്റന്‍ സ്റ്റബ്സും.
കന്നി ഐപിഎൽ സീസൺ കളിക്കുന്ന ജേക്ക് സീസണിലെ തന്റെ മൂന്നാം അര്‍ദ്ധ ശതകം ആണ് പൂര്‍ത്തിയാക്കിയത്. 27 പന്തിൽ 84 റൺസ് നേടി മക്ഗര്‍ക്ക് പുറത്താകുമ്പോള്‍ 114 റൺസാണ് ഡൽഹിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്. പിയൂഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
ജേക്ക് പുറത്തായ ശേഷം അധികം വൈകാതെ ഡൽഹിയ്ക്ക് അഭിഷേക് പോറെലിനെയും നഷ്ടമായി. 27 പന്തിൽ 36 റൺസ് നേടിയ പോറെലിനെ മൊഹമ്മദ് നബിയാണ് പുറത്താക്കിയത്. ഡൽഹിയുടെ റൺ റേറ്റ് കൂപ്പുകുത്തിയെങ്കിലും മൂന്ന് സിക്സുകളുമായി ഷായി ഹോപ് ഡൽഹിയെ തിരികെ ട്രാക്കിലെത്തിച്ചു.
പന്ത് അടുത്ത ഓവറിൽ നുവാന്‍ തുഷാരയെ ഒരു ഫോറും സിക്സും പായിച്ചപ്പോള്‍ ലൂക്ക് വുഡിനെ രണ്ട് സിക്സുകള്‍ പായിച്ച ശേഷം ഷായി ഹോപ് പുറത്താകുകയായിരുന്നു. 17 പന്തിൽ 41 റൺസ് നേടിയ താരം 5 സിക്സാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. ഹോപ് പുറത്താകുമ്പോള്‍ ഡൽഹി 13.4 ഓവറിൽ 180/3 എന്ന നിലയിലായിരുന്നു.
18ാം ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സ് 5 ഫോറും ഒരു സിക്സും ലൂക്ക് വുഡിന്റെ ഓവറിൽ നേടിയപ്പോള്‍ ഓവറിൽ നിന്ന് 26 റൺസാണ് പിറന്നത്. പന്ത് തൊട്ടടുത്ത ഓവറിൽ 19 പന്തിൽ 29 റൺസ് നേടിയാണ് പുറത്തായത്.
സ്റ്റബ്സ് 25 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 6 പന്തിൽ 11 റൺസുമായി അക്സറും പുറത്താകാതെ നിന്നു. 11 പന്തിൽ 22 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയില്ല.