റോക്ക്സ്റ്റാര്‍ ജഡേജ, ബൗളിംഗിലും തിളങ്ങി, ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ബാറ്റിംഗിലെ പോലെ ബൗളിംഗിലും രവീന്ദ്ര ജഡേജ തിളങ്ങിയപ്പോള്‍ 69 റണ്‍സിന്റെ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. തുടര്‍ച്ചയായ അഞ്ചാം ജയമെന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മോഹങ്ങളാണ് രവീന്ദ്ര ജഡേജ കശക്കിയെറിഞ്ഞത്.

ബൗളിംഗില്‍ ജഡേജ തന്റെ നാലോവറില്‍ വെറും 13 റണ്‍സ് വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഇതില്‍ അപകടകാരികളായ എബി ഡി വില്ലിയേഴ്സിന്റെ ഗ്ലെന്‍ മാക്സ്വെല്ലിന്റെയും വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു. 15 പന്തില്‍ 34 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്വെല്‍ 22 റണ്‍സ് നേടി.

രണ്ടക്ക സ്കോര്‍ നേടിയ മറ്റൊരു താരം കൈല്‍ ജാമിസണ്‍ ആയിരുന്നു. താരം 16 റണ്‍സ് നേടി പുറത്തായി. മുഹമ്മദ് സിറാജ് പുറത്താകാതെ നിന്ന് 12 റണ്‍സും ചഹാല്‍ 8 റണ്‍സുമായി ബാംഗ്ലൂരിനെ 122/9 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു.