ഐ.പി.എൽ നടക്കുകയാണെങ്കിൽ അത് വെട്ടിച്ചുരുക്കുമെന്ന് സൗരവ് ഗാംഗുലി

Staff Reporter

ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുകയാണെങ്കിൽ അത് വെട്ടിച്ചുരുക്കിയാവും നടത്തുകയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15 വരെ മാറ്റിവച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബി.സി.സി.ഐ പ്രസിഡന്റിന്റെ പരാമർശം.

ഓരോ ആഴ്ചയിലും സ്ഥിതിഗതികൾ വിശകലനം ചെയ്യുമെന്നും അതിന് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. ബി.സി.സി.ഐ പ്രതിനിധികളും ഐ.പി.എൽ ഉടമകളും തമ്മിൽ ഇന്ന് നടത്തിയ ചർച്ചക്ക് ശേഷമാണ് ഗാംഗുലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

നിലവിൽ ഏപ്രിൽ 15ന് മത്സരം നടത്തുകയാണെങ്കിൽ 15 ദിവസം നഷ്ടപ്പെടുമെന്നും അത് കൊണ്ട് തന്നെ ഐ.പി.എൽ ചുരുക്കേണ്ടിവരുമെന്നും ഗാംഗുലി പറഞ്ഞു. എന്നാൽ എങ്ങനെ വെട്ടിച്ചുരുക്കുമെന്നോ നിലവിൽ എത്ര മത്സരങ്ങൾ കുറക്കേണ്ടിവരുമെന്നോ വ്യ്കതമല്ലെന്നും ഗാംഗുലി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടർന്ന് ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയും നിർത്തിവെച്ചിരുന്നു.