യുഎഇയിൽ നടക്കുന്ന ഐപിഎലിന്റെ ബാക്കി മത്സരങ്ങൾക്ക് കാണികളെ അനുവദിച്ചേക്കുമെന്ന് സൂചന. കളി കാണാനെത്തുന്ന കാണികൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ മത്സരങ്ങൾക്ക് പ്രവേശനാനുമതി നൽകാം എന്ന യുഎഇ സർക്കാരിന്റെ നയം ഉപയോഗപ്പെടുത്തി ഐപിഎലിന് കാണികളെ അനുവദിക്കാം എന്ന തീരുമാനത്തിലാണ് ഇപ്പോൾ ബിസിസിഐ എന്നാണ് അറിയുന്നത്. യുഎഇയിൽ ബഹുഭൂരിഭാഗം ആളുകളും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നതിനാൽ തന്നെ കാണികളെ മത്സരങ്ങൾക്ക് അനുവദിക്കുവാനുള്ള സാധ്യത ഏറെക്കൂടുതലാണ്.
31 മത്സരങ്ങളാണ് ഇനി ഐപിഎലിൽ നടക്കാനുള്ളത്. സ്റ്റേഡിയത്തിന്റെ പകുതി ശേഷിയിൽ വാക്സിനേറ്റ് ചെയ്ത ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് യുഎഇ ബോർഡിലെ ഒരു ഒഫീഷ്യൽ പറഞ്ഞത്. ഇപ്പോൾ ബിസിസിഐ ഭാരവാഹികളായ സൌരവ് ഗാംഗുലി, ജയ് ഷാ, അരുൺ ധമാൽ, രാജീവ് ശുക്സ, ജയേഷ് ജോർജ്ജ് എന്നിവർ യുഎഇയിൽ ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുവാൻ എത്തിയിട്ടുണ്ട്.
ചാർട്ടേർഡ് ഫ്ലൈറ്റിൽ എത്തുന്ന ബിസിസിഐ ഡെലഗേഷന് പ്രത്യേക ഇളവുകൾ നിയന്ത്രണങ്ങളിൽ നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 10 വരെ ഐപിഎൽ എത്തരത്തിൽ നടത്താമെന്നതിനെക്കുറിച്ചും മറ്റും സംസാരിക്കുവാൻ ആയാണ് ബിസിസിഐ അംഗങ്ങൾ യുഎഇയിലേക്ക് എത്തിയിരിക്കുന്നത്.