ഇന്ത്യൻ പ്രീമിയർ ലീഗിന് പങ്കെടുക്കാൻ ടീമുകൾക്ക് ഓഗസ്റ്റ് 20ന് ശേഷം യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന് ബി.സി.സി.ഐ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും ഓഗസ്റ്റ് 20ന് മുൻപേ യു.എ.ഇയിലേക്ക് തിരിക്കാനിരിക്കെയാണ് ഓഗസ്റ്റ് 20ന് ശേഷം മാത്രം യു.എ.ഇയിലേക്ക് തിരിച്ചാൽ മതിയെന്ന് ബി.സി.സി.ഐ നിർദേശിച്ചത്.
ഇതോടെ ടീമുകൾ യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ പുതിയ തിയ്യതികൾ കണ്ടെത്തേണ്ടി വരും. ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി കോവിഡ് പ്രോട്ടോകോൾ രൂപീകരിക്കുന്നതിന് വേണ്ടിയാണ് ടീമുകളോട് യാത്ര ചെയുന്നത് ഓഗസ്റ്റ് 20ന് ശേഷം മതിയെന്ന് ബി.സി.സി.ഐ നിർദേശിച്ചത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയത്. തുടർന്ന് സെപ്റ്റംബർ 19ന് ടൂർണമെന്റ് തുടങ്ങാനും നവംബർ 10ന് ഫൈനൽ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിരുന്നു.