ഐപിഎൽ 2022 സീസണ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഘാടകരും സ്പോണ്സർമാരും മാർക്കറ്റിംഗ് കമ്പനികളും അങ്കലാപ്പിലാണ്, കാഴ്ചക്കാർ കുറയുന്നത്രേ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇക്കൊല്ലം ആദ്യ ആഴ്ചയിൽ 20%ന് അടുത്തു ടിവി കാഴ്ചക്കാരിൽ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാമത്തെ ആഴ്ചയിൽ ഇത് കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അമ്പരപ്പിക്കുന്ന കുറവാണ് വ്യൂവർഷിപ്പിൽ വന്നിരിക്കുന്നത്.
ഓടിടി സംപ്രേഷണം ഒരു കാരണമാണെങ്കിലും, 10 സെക്കന്റ് പരസ്യത്തിന് കഴിഞ്ഞ വർഷം 14 ലക്ഷം ഉണ്ടായത് ഇക്കൊല്ലം 16 ആക്കിയതിനെ ന്യായീകരിക്കാൻ IPL ബുദ്ധിമുട്ടുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ലോക്ക്ഡൗണ് ഇളവുകൾ കൂടിയതും, ആളുകൾ തിരികെ ഓഫിസുകളിലേക്ക് പോയി തുടങ്ങിയതും മറ്റൊരു കാരണമായി കാണുന്നവരുണ്ട്. പക്ഷെ 30 ശതമാനത്തോളം കാഴ്ചക്കാരിൽ ഇടിവുണ്ടാകുന്നത് IPL ബ്രാണ്ടിനെ വലിയ രീതിയിൽ ബാധിക്കും എന്നു തന്നെയാണ് മാർക്കറ്റിംഗ് വിദഗ്ധർ പറയുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കത്തിന് കാണികളിൽ ഇത്ര വലിയ ഇടിവ് സംഭവിക്കാൻ കാരണം ക്രിക്കറ്റ് തന്നെയാണെന്നു സ്പോർട്സ് വിദഗ്ധർ ചൂണ്ടി കാട്ടുന്നുണ്ട്. പരമ്പരാഗത ശക്തികളായ ചെന്നൈ, മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത ടീമുകളുടെ ഒരേ സമയത്തുള്ള ദയനീയ പ്രകടനമാണ് അവർ കാരണമായി കാണുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ടീമുകളാണ് ഇവയെല്ലാം. കൂനിന്മേൽ കുരു എന്ന പോലെ, ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യ ചന്ദ്രന്മാരായ രോഹിത്, കോഹ്ലി എന്നിവരുടെ മോശം ഫോമും കാണികളെ നിരാശപ്പെടുത്തി. അത്യധികം ഫാൻ ഫോളോവിങ് ഉള്ള ധോണി, ജഡേജ എന്നിവർക്കും ഇതേ വരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
എത്രയൊക്കെ കണ്ണഞ്ചിക്കുന്ന വർണ്ണക്കടലാസുകൾ കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ ടൂര്ണമെന്റിനെ പൊതിഞ്ഞാലും, അവസാനം പിച്ചിലെ പ്രകടനങ്ങൾക്കാണ് കളിയെ സ്നേഹിക്കുന്നവർ പ്രാധാന്യം നൽകുക എന്ന് ഇനിയെങ്കിലും കളിയെ കച്ചവടം ചെയ്യാൻ തുനിഞ്ഞിറങ്ങിയവർ തിരിച്ചറിയുക. പുതിയ താരോദയങ്ങൾക്ക് വഴിയൊരുക്കുക, കാത്തിരിക്കുക.