ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ‘സോഫ്റ്റ് സിഗ്‌നൽ’ വേണ്ടതില്ലെന്ന് തീരുമാനിച്ച് ബി.സി.സി.ഐ. തേർഡ് അമ്പയർക്ക് തീരുമാനങ്ങൾ എടുക്കാൻ വിടുന്നതിന് മുൻപ് ഗ്രൗണ്ടിലെ അമ്പയർമാർ ‘സോഫ്റ്റ് സിഗ്‌നൽ’ നൽക്കുന്നത് ഇതോടെ ഇല്ലാതെയാവും. ഇത്തരത്തിൽ ‘സോഫ്റ്റ് സിഗ്‌നൽ’ ഇല്ലാതായാൽ തേർഡ് അമ്പയർക്ക് മികച്ച തീരുമാനം എടുക്കാൻ കഴിയും എന്നത് മുൻപിൽ കണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടക്കമുള്ളവർ ‘സോഫ്റ്റ് സിഗ്‌നലിനെതിരെ’ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
കൂടാതെ ബാറ്റ്സ്മാൻമാരുടെ ‘ഷോർട് റൺ’ ഇനി മുതൽ തേർഡ് അമ്പയറും പരിശോധിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ തേർഡ് അമ്പയർക്ക് ഗ്രൗണ്ടിലെ അമ്പയറുടെ തീരുമാനം മാറ്റാനുള്ള അവകാശവും ഉണ്ടാവും. കൂടാതെ ഈ പ്രാവശ്യം മുതൽ 90 മിനുട്ടിനുള്ളിൽ 20 ഓവറുകൾ നിർബന്ധമായും പൂർത്തിയാക്കണം എന്ന നിയമവും ബി.സി.സി.ഐ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ 90ആം മിനുട്ടിൽ 20മത്തെ ഓവർ തുടങ്ങിയാൽ മതിയായിരുന്നു.