ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎലും ജൂണില്‍ പുനരാരംഭിക്കുവാനിരിക്കുന്ന പാക്കിസ്ഥാന് സൂപ്പര്‍ ലീഗും മാറ്റി വയ്ക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തര്‍. ഇന്ത്യയില്‍ കോവിഡ് പരക്കെ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പല താരങ്ങളും ഐപിഎലില്‍ നിന്ന് ഈ അടുത്ത് ദിവസങ്ങളിലായി പിന്മാറിയിട്ടുണ്ട്.
ഏപ്രില്‍ 9ന് ആരംഭിച്ച ഐപിഎലില്‍ ഇതുവരെ 20 മത്സരങ്ങളാണ് നടന്നത്. അതേ സമയം ഫെബ്രുവരി 14ന് ആരംഭിച്ച പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് 14 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബയോ ബബിളിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മാറ്റി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 30ന് ഐപിഎല്‍ അവസാനിച്ച ശേഷം ജൂണ്‍ 1ന് പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ആരംഭിക്കുവാനിരിക്കുകയാണ്.
ഈ ടൂര്‍ണ്ണമെന്റിനായുള്ള പൈസ ആളുകളുടെ ജീവന് രക്ഷിക്കുവാനും ദുരിതത്തിന് അറുതി വരുത്തുവാനും ഉപയോഗിക്കാവുന്നതാണെന്നാണ് അക്തര്‍ പറയുന്നത്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ആണ് ഈ ആവശ്യം റാവല്‍പിണ്ടി എക്സ്പ്രസ്സ് മുന്നോട്ട് വെച്ചത്.
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് മാറ്റി വെച്ചതിനാലല്ല താന്‍ ഐപിഎല്‍ മാറ്റണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും ഷൊയ്ബ് അക്തര്‍ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം വളരെ മോശമാണെന്നും ഈ ഘട്ടത്തില്‍ ഇത്തരം ഒരു ടൂര്‍ണ്ണമെന്റ് പാടില്ലെന്നും അക്തര്‍ വ്യക്തമാക്കി.