ഹൈദരാബാദിന് വേണ്ടി വാർണറും ബാരിസ്റ്റോയും കൊടുംകാറ്റായപ്പോൾ കൊൽക്കത്തക്ക് നാണംകെട്ട തോൽവി. 9 വിക്കറ്റിനാണ് കൊൽക്കത്തയെ ഹൈദരാബാദ് നാണം കെടുത്തിയത്. കൊൽക്കത്ത പടുത്തുയർത്തിയ 160 എന്ന ലക്‌ഷ്യം ഹൈദരാബാദ് അനായാസം മറികടക്കുകയായിരുന്നു.
ഓപ്പണിങ് കൂട്ടുകെട്ടിൽ 131 റൺസ് പടുത്തുയർത്തിയ വാർണർ – ബാരിസ്റ്റോ സഖ്യമാണ് ഹൈദരാബാദിന്റെ വിജയം അനായാസമാക്കിയത്. 67 റൺസ് എടുത്ത വാർണർ പ്രിത്വി രാജിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും പുറത്താവാതെ 43 പന്തിൽ 80 റൺസ് എടുത്ത ബാരിസ്റ്റോയും 8 റൺസ് എടുത്ത വില്യംസണും കൊൽക്കത്തയുടെ തോൽവി ഉറപ്പിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുത്തത്. ലിന്നും നരേനും ചേർന്ന് മികച്ച തുടക്കം നൽകിയിട്ടും അത് മുതലാക്കാനാവാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. ലിൻ 51 റൺസും നരേൻ 8 പന്തിൽ നിന്ന് 25 റൺസും നേടി. വാലറ്റത്ത് റിങ്കു സിംഗിന്റെ 30 റൺസാണ് കൊൽക്കത്ത സ്കോർ 160 കടത്തിയത്.