2021ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ വെച്ച് തന്നെ നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധയെ തുടർന്ന് 2020ലെ ഐ.പി.എൽ യു.എ.ഇയിൽ വെച്ചാണ് നടന്നത്. എന്നാൽ വിജയകരമായ രീതിയിൽ സയ്ദ് മുഷ്‌താഖ് അലി ടൂർണമെന്റ് ഇന്ത്യയിൽ നടത്തിയ സാഹചര്യത്തിൽ ഐ.പി.എല്ലും ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷ.
മുംബൈയിലെ വാങ്കഡെ, ഡി.വൈ പട്ടേൽ സ്റ്റേഡിയം, റിലയൻസ് ക്രിക്കറ്റ് സ്റ്റേഡിയം, ബാർബോൺ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടത്താൻ ബി.സി.സി.ഐ ശ്രമം നടത്തുന്നത്. നോക് ഔട്ട് മത്സരങ്ങൾ അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ വെച്ചും നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഏപ്രിൽ 11-14 തിയ്യതികളിൽ ആരംഭിച്ച് ജൂൺ ആദ്യ വാരം ഫൈനൽ മത്സരം നടത്താനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്.