ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അടുത്ത മത്സരങ്ങളിൽ തന്നെ ടീമിന് വേണ്ടി കളിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സി.ഇ.ഓ കാശി വിശ്വനാഥൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഭാഗത്തിൽ ഇമ്രാൻ താഹിറിന് ചെന്നൈ ടീമിൽ തീർച്ചയായും സ്ഥാനം ലഭിക്കുമെന്നും കാശി വിശ്വനാഥൻ പറഞ്ഞു. ഈ സീസണിൽ ഇതുവരെ ഇമ്രാൻ താഹിർ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടില്ല.
യു.എ.ഇയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് രണ്ട് വിദേശ ബാറ്റ്സ്മാൻമാരെയും ഒരു ബൗളിംഗ് ഓൾ റൗണ്ടറെയും ഉൾപ്പെടുത്തിയാണ് ചെന്നൈ ടീമിനെ ഇറക്കുന്നതെന്നും യു.എ.ഇയിലെ പിച്ചുകൾ സ്പിന്നിനെ പിന്തുണക്കുന്നത്കൊണ്ട് താഹിർ ഉടൻ തന്നെ ടീമിലെത്തുമെന്നും കാശി വിശ്വനാഥൻ പറഞ്ഞു. ടീമിൽ 4 വിദേശ താരങ്ങളെ മാത്രമേ അനുവദിക്കുന്നുള്ളു എന്നും അത്കൊണ്ട് തന്നെ സാഹചര്യത്തിന് അനുസരിച്ച് ടീമിൽ മാറ്റം വരുമെന്നും ചെന്നൈ സൂപ്പർ കിങ്സ് സി.ഇ.ഓ പറഞ്ഞു. കൂടാതെ മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയിൽ താരങ്ങളെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നില്ലെന്നും കാശി വിശ്വനാഥൻ പറഞ്ഞു.
2019ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കിയ താരമാണ് ഇമ്രാൻ താഹിർ. കഴിഞ്ഞ ഐ.പി.എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 26 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ വീഴ്ത്തിയത്.