വിന്‍ഡീസിനു ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ പോസിറ്റീവ് എന്ന് പറയാവുന്നത് ഷായി ഹോപും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെയും പ്രകടനങ്ങളായിരുന്നു. ഇതില്‍ തന്നെ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനമാണ് എടുത്ത് പറയുവാനുള്ള പ്രകടനം. ആദ്യം ഏകദിനത്തില്‍ ശതകം നേടിയ ഹെറ്റ്മ്യര്‍ രണ്ടാം മത്സരത്തില്‍ അര്‍ദ്ധ ശതകവും മൂന്നാം മത്സരത്തില്‍ വേഗത്തില്‍ 39 റണ്‍സും നേടിയിരുന്നു. ഈ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ വിന്‍ഡീസ് ബാറ്റിംഗ് നിര അടുത്ത രണ്ട് മത്സരങ്ങളും പരാജയപ്പെട്ടപ്പോള്‍ ഹെറ്റ്മ്യറും പരാജയമായി മാറുകയായിരുന്നു.
എന്നാല്‍ താരത്തിന്റെ ഈ പ്രകടനം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ പോന്നതായിരുന്നു. ഐപിഎലില്‍ കളിക്കുക എന്നത് ഏതൊരു ക്രിക്കറ്ററെയും പോലെ തന്റെയും ആഗ്രഹമാണെന്നാണ് ഹെറ്റ്മ്യര്‍ വ്യക്തമാക്കിയത്. അടുത്ത ലേലത്തില്‍ തന്നെ ഏതെങ്കിലും ടീം തിരഞ്ഞെടുക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. അതേ സമയം വിന്‍ഡീസിനു വേണ്ടി കളിക്കുക തന്നെയാണ് തനിക്ക് മുന്‍ഗണനയെന്നും താരം അഭിപ്രായപ്പെട്ടു.
വിന്‍ഡീസിലെ പല ക്രിക്കറ്റര്‍മാരും ടി20 ലീഗുകള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോളാണ് വിന്‍ഡീസ് യുവ താരത്തിന്റെ ഈ നിലപാട് എന്നതും ശ്രദ്ധേയമാകുന്നു.