ഹാര്‍ദ്ദിക് ആര്‍സിബിയ്ക്കെതിരെ പന്തെറിയാത്തത് വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി – സഹീര്‍ ഖാന്‍

ആര്‍സിബിയ്ക്കെതിരെ മുംബൈയുടെ തോല്‍വിയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ബൗളിംഗ് ദൗത്യം ടീം നല്‍കിയിരുന്നില്ല. ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി സഹീര്‍ ഖാന്‍. മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചഹാറും വളരെ അധികം റണ്‍സ് വിട്ട് നല്‍കിയെങ്കിലും രോഹിത് ശര്‍മ്മ ഹാര്‍ദ്ദിക് പാണ്ഡ്യയെയോ കീറണ്‍ പൊള്ളാര്‍ഡിനെയോ ആറാം ബൗളറായി ഉപയോഗിച്ചിരുന്നില്ല.

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ 17 ഓവറുകളാണ് ഹാര്‍ദ്ദിക് എറിഞ്ഞതെങ്കില്‍ ഏകദിനത്തില്‍ അവസാന മത്സരത്തില്‍ മാത്രമാണ് താരത്തിനെ ബളിംഗിന് ഉപയോഗിച്ചത്.

താരത്തിന്റെ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് താരത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ പന്തെറിയിക്കാതിരുന്നതെന്നും അത് ഫിസിയോയുമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്നും മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് സഹീര്‍ ഖാന്‍ വ്യക്തമാക്കി.

താരം ഉടന്‍ തന്നെ ബൗളിംഗ് ദൗത്യം ഏറ്റെടുക്കുന്നത് ഏവര്‍ക്കും കാണാമെന്നും സഹീര്‍ വ്യക്തമാക്കി. പൊള്ളാര്‍ഡ് ആണ് ടീമിന്റെ ആറാമത്തെ ബൗളിംഗ് ഓപ്ഷനെന്നും താരത്തിനും ബൗളിംഗ് ദൗത്യം ഉടന്‍ വരുമെന്നും സഹീര്‍ ഖാന്‍ സൂചിപ്പിച്ചു.

Exit mobile version