ഹാര്‍ഡ് ഹിറ്റ് പാണ്ഡ്യ!!! ഗുജറാത്തിനെ 192 റൺസിലേക്ക് എത്തിച്ച് ഹാര്‍ദ്ദിക്

Sports Correspondent

രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനെ 192 റൺസിലേക്ക് നയിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും അഭിനവ് മനോഹറും ഡേവിഡ് മില്ലറും. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ 86 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ മില്ലറും വമ്പന്‍ അടികളുതിര്‍ത്തപ്പോള്‍ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തി.

മികച്ച രീതിയിൽ തുടങ്ങിയ മാത്യു വെയിഡ് രണ്ടാം ഓവറിൽ റണ്ണൗട്ടായപ്പോള്‍ അടുത്ത ഓവറിൽ വിജയ് ശങ്കറെ കുൽദീപ് സെന്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ച് ഗുജറാത്തിനെ 15/2 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

എന്നാൽ ഗില്ലിന് കൂട്ടായി എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അടിച്ച് തകര്‍ത്തപ്പോള്‍ പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ 42/2 എന്ന നിലയിലേക്ക് ഗുജറാത്ത് കുതിയ്ക്കുകയായിരുന്നു.

ബൗളിംഗിലേക്ക് സഞ്ജു റിയാന്‍ പരാഗിനെ കൊണ്ടുവന്നപ്പോള്‍ സിക്സര്‍ പറത്തിയാണ് ഹാര്‍ദ്ദിക് താരത്തെ വരവേറ്റത്. മൂന്നാം പന്തിൽ ഗില്‍ താരത്തെ ബൗണ്ടറി കടത്തിയപ്പോള്‍ സഞ്ജുവിന്റെ നീക്കം തെറ്റായി എന്ന് ഏവരും കരുതിയെങ്കിലും അടുത്ത പന്തിൽ സിക്സറിന് ശ്രമിച്ച് ഗിൽ മടങ്ങിയപ്പോള്‍ ഗുജറാത്തിന് മൂന്നാം വിക്കറ്റ് നഷ്ടമായി.

38 റൺസാണ് ഗിൽ – ഹാര്‍ദ്ദിക് കൂട്ടുകെട്ട് നേടിയത്. 13 റൺസ് മാത്രമായിരുന്നു ഗില്ലിന്റെ സംഭാവന. പിന്നീട് ഹാര്‍ദ്ദിക്കും അഭിനവും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 13ാം ഓവറിൽ ചഹാലിനെതിരെ 14 റൺസ് ഓവറിൽ നേടിയപ്പോള്‍ ഇതിൽ ഒരു ഫോറും സിക്സും നേടി അഭിനവ് മനോഹര്‍ ഗുജറാത്തിനെ നൂറ് കടത്തുകയായിരുന്നു.

അടുത്ത ഓവറിൽ കുല്‍ദീപ് സെന്നിനെ രണ്ട് ബൗണ്ടറിയ്ക്കായി പായിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ 33 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 28 പന്തിൽ 43 റൺസ് നേടിയ അഭിനവ് മനോഹര്‍ പുറത്താകുമ്പോള്‍ 86 റൺസ് ഈ കൂട്ടുകെട്ട് നേടിയത്. ചഹാലിനായിരുന്നു വിക്കറ്റ്.

അവസാന ഓവറുകളിൽ വലിയ അടികളുമായി മില്ലറും ഹാര്‍ദ്ദിക്കിന് കൂട്ടിനെത്തിയപ്പോള്‍ ഗുജറാത്ത് മികച്ച സ്കോറിലേക്ക് നീങ്ങി. കുല്‍ദീപ് സെന്‍ എറിഞ്ഞ 19ാം ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 21 റൺസാണ് നേടിയത്. 25 പന്തിൽ 53 റൺസാണ് മില്ലറും ഹാര്‍ദ്ദിക്കും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. ഹാര്‍ദ്ദിക് 52 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കില്ലര്‍ മില്ലര്‍ 14 പന്തിൽ 31 റൺസ് നേടി താരത്തിന് മികച്ച പിന്തുണ നല്‍കി.