കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ തന്റെ അരങ്ങേറ്റം കുറിച്ച ഹര്‍ഭജന്‍ സിംഗിന് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിയുവാന്‍ നല്‍കിയത്. ഡേവിഡ് വാര്‍ണര്‍ക്കെതിരെ താരത്തിനെ ഉപയോഗിച്ച ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ നീക്കം ഫലം കണ്ടുവെന്നാണ് തോന്നിയതെങ്കിലും ഹര്‍ഭജന്‍ സൃഷ്ടിച്ച അവസരം പാറ്റ് കമ്മിന്‍സ് കൈവിടുകയായിരുന്നു.
വാര്‍ണറെ നാല് തവണ പുറത്താക്കിയ താരമെന്ന നിലയിലാണ് ഹര്‍ഭജനെ ഈ ദൗത്യത്തിനായി ഉപയോഗിക്കുവാന്‍ മോര്‍ഗനെ പ്രേരിപ്പിച്ചത്. ഇത്തരത്തിലുള്ള മാച്ചപ്പുള്‍ എപ്പോഴും ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. എന്നാല്‍ ടീമിന്റെ ആവശ്യം ആണ് പ്രധാനം എന്നാണ് താന്‍ എപ്പോളും വിശ്വസിക്കുന്നതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ തന്റെ പുതിയ റോള്‍ മത്സരത്തിന്റെ ഏത് ഘട്ടത്തിലും പന്തെറിയുകയെന്നതാണെന്നും അത് താന്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
മത്സരത്തിന്റെ 20 ഓവര്‍ അവസാനിക്കുന്നത് വരെ താന്‍ തന്റെ ദൗത്യത്തിന് തയ്യാറാണെന്നും ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ താന്‍ സന്നദ്ധനാണെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വ്യക്തമാക്കി.