ഐപിഎലില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന് ആരെന്ന ചോദ്യത്തിനു ഒറ്റയുത്തരമേയുള്ളു – അത് ആന്‍ഡ്രേ റസ്സലാണ്. ഇന്നലെയും വിജയത്തിനു തൊട്ടടുത്ത് എത്തിച്ച് 25 പന്തില്‍ നിന്ന് 65 റണ്‍സ് നേടി പുറത്തായെങ്കിലും താരത്തിനു ടീമിനെ വിജയത്തിലേക്ക് എത്തിയ്ക്കാനായിരുന്നില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം വിക്കറ്റ് വീണ ശേഷം ഇറങ്ങിയതാണ് ടീമിനു തിരിച്ചടിയായത്.
5, 6 സ്ഥാനങ്ങളിലാണ് താരം ഇതുവരെ ഇറങ്ങിയത്, ഇന്നലെ റോബിന് ഉത്തപ്പയും മറ്റു ടോപ് ഓര്‍ഡര്‍ താരങ്ങളുടെയും മെല്ലെപ്പോക്ക് നയമാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. 377 റണ്‍സ് നേടി ടീമിന്റെ ടോപ് റണ്‍ സ്കോറര്‍ ആണ് റസ്സല്‍. താരം ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമത് ഇറങ്ങുന്നത് ടീമിനു ഗുണം ചെയ്യുമെന്നാണ് ഏവരും ഇപ്പോള്‍ പറയുന്നത്.
താരവും അതിനു അവസരം ലഭിച്ചാല്‍ തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ വരുവാന്‍ സമ്മതമാണെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതിന്മേല് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തനിക്ക് താല്പര്യമില്ലെന്നും താരം വ്യക്തമാക്കി. ടീമിനു വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യേണ്ടതാണ് ശരിയായൊരു ടീം പ്ലേയര്‍ എന്നാണ് റസ്സല്‍ പറഞ്ഞത്.
താന്‍ വരുമ്പോള്‍ മികച്ച ബൗളര്‍മാരെ എതിരാളികള്‍ ഉപയോഗിക്കുമെന്നും അതിനാല്‍ തന്നെ ഇന്നിംഗ്സിന്റെ അവസാനത്തോടെ പ്രധാന ബൗളര്‍മാരില്ലാതെ വരുന്ന സാഹചര്യം ടീമിനു ഏറ്റവും ഗുണകരമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. കൊല്‍ക്കത്തയുടെ ടീം സെറ്റപ്പ് പരിഗണിക്കുമ്പോള്‍ താന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമത് വരുന്നതെന്നാണ് നല്ലതെങ്കിലും ഇപ്പോള്‍ ഒരു മാറ്റം അനുയോജ്യമല്ലെന്നാണ് റസ്സല്‍ അഭിപ്രായപ്പെട്ടത്.