ഐപിഎലിന്റെ പ്ലേ ഓഫിലേക്കുള്ള സാധ്യത സജീവമാക്കി നിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് സൺറൈസേഴ്സ് നൽകിയ 201 റൺസ് വിജയ ലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. കാമറൺ ഗ്രീനും രോഹിത് ശര്‍മ്മയും ആണ് മുംബൈയുടെ വിജയ ശില്പികള്‍. ആര്‍സിബിയുടെ മത്സരം മഴ ഭീഷണി കാരണം നടക്കുന്നില്ലെങ്കിൽ മുംബൈ പ്ലേ ഓഫിലേക്ക് എത്തും. അതേ സമയം മുംബൈയ്ക്കാള്‍ മികച്ച റൺ റേറ്റുള്ള ആര്‍സിബിയ്ക്ക് വിജയം പ്ലേ ഓഫ് സ്ഥാനം നൽകും.
ഇഷാന്‍ കിഷനെ വേഗത്തിൽ നഷ്ടമായെങ്കിലും കാമറൺ ഗ്രീനിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് മുംബൈയെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 60/1 എന്ന നിലയിലെത്തിച്ചു. രോഹിത് ശര്‍മ്മ പതിവു പോലെ അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. 20 പന്തിൽ ഗ്രീന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ രോഹിത്തിന്റെ പിന്തുണ ടീമിനെ 9 ഓവറിൽ 100 റൺസിലേക്ക് എത്തിച്ചു.
പത്താം ഓവറിൽ ഉമ്രാന്‍ മാലികിനെ തുടരെ മൂന്ന് ഫോറുകള്‍ക്ക് പായിച്ച് രോഹിത് ശര്‍മ്മ തന്റെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി. 31 പന്തിൽ നിന്ന് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മുംബൈ പക്ഷത്തേക്ക് മാറ്റുകയായിരുന്നു.
128 റൺസ് കൂട്ടുകെട്ടിനെ മയാംഗ് ഡാഗര്‍ ആണ് രോഹിത്തിനെ പുറത്താക്കി തകര്‍ത്തത്. രോഹിത് 37 പന്തിൽ 56 റൺസാണ് നേടിയത്. ഗ്രീന്‍ 47 പന്തിൽ 100 റൺസ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദല് 16 പന്തിൽ 25 റൺസ് നേടി ഗ്രീനിന് മികച്ച പിന്തുണ നൽകി മുംബൈയുടെ വിജയം എളുപ്പത്തിലാക്കി.