ഗെയ്‌ലിന്റെ വെടിക്കെട്ട് കണ്ടു തുടങ്ങിയ മത്സരത്തിൽ ശ്കതമായ തിരിച്ചുവരവ് നടത്തി ഡൽഹി ക്യാപിറ്റൽസ്. ഡൽഹിക്കെതിരെ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് ആണ് നേടിയത്. നേരത്തെ ടോസ് നേടി കിങ്‌സ് ഇലവൻ പഞ്ചാബിനെ ഡൽഹി ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുൻ നിര താരങ്ങൾക്കൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വന്നപ്പോൾ ഉഗ്രരൂപം പൂണ്ട ക്രിസ് ഗെയ്ൽ ആണ് പഞ്ചാബിന്റെ രക്ഷക്ക് എത്തിയത്.
ക്രിസ് ഗെയ്ൽ 5 സിക്സുകളുടെ സഹായത്തോടെ 37 പന്തിൽ 69 റൺസ് എടുത്ത് ലാമിച്ചനെക്ക് വിക്കറ്റ് നൽകി പുറത്താവുകയായിരുന്നു. 27 പന്തിൽ 30 റൺസ് എടുത്ത മൻദീപ് സിങ് മാത്രമാണ് കിങ്‌സ് ഇലവൻ പഞ്ചാബ് നിരയിൽ ഗെയ്‌ലിന് പിന്തുണ നൽകിയത്. അവസാന ഓവറുകളിൽ അശ്വിനും ഹർപ്രീത് ബ്രാറും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് പഞ്ചാബിന്റെ സ്കോർ 150 കടത്തിയത്. ഡൽഹിക്ക് വേണ്ടി സന്ദീപ് ലാമിച്ചനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ റബാഡയും അക്‌സർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.