തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ ജോഫ്രയ്ക്കൊപ്പം മറ്റു രാജസ്ഥാന്‍ ബൗളര്‍മാരും കസറിയപ്പോള്‍ ദുബായിയിലെ കൂറ്റന്‍ ബൗണ്ടറികളുള്ള സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് 174 റണ്‍സ്. ജോഫ്രയുടെ അവസാന ഓവറില്‍ പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് നേടിയ 14 റണ്‍സ് ജോഫ്രയുടെ ശോഭ കെടുത്തിയെങ്കിലും രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം പുറത്തെടുത്തത്. 14 ഡോട്ട് ബോട്ടുകള്‍ എറിഞ്ഞ ജോഫ്ര തന്റെ ആദ്യ മൂന്നോവറില്‍ വെറും 4 റണ്‍സ് മാത്രാണ് താരം വിട്ട് നല്‍കിയത്.
ഗില്‍ നിലയുറപ്പിച്ചുവെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയപ്പോള്‍ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട് തന്റെ അര്‍ദ്ധ ശതകത്തിന് 3 റണ്‍സ് അകലെ ഗില്ലും വീഴുകയായിരുന്നു. 34 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയ ഗില്ലിന് പുറമെ 14 പന്തില്‍ 2 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും 22 റണ്‍സ് നേടിയ നിതീഷ് റാണയും മാത്രമാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുവാന്‍ ശ്രമിച്ചത്.
46 റണ്‍സ് കൂട്ടുകെട്ടുമായി ശുഭ്മന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് ടീമിനെ 82/1 എന്ന നിലയിലേക്ക് നയിച്ചുവെങ്കിലും നിതീഷ് റാണയെ രാഹുല്‍ തെവാത്തിയ പുറത്താക്കി. ഗില്ലിനെയും ദിനേശ് കാര്‍ത്തിക്കിനെയും ജോഫ്ര പുറത്താക്കിയപ്പോള്‍ 115/5 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു. പിന്നീട് ഓയിന്‍ മോര്‍ഗന്‍-പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ 34 റണ്‍സ് നേടിയപ്പോള്‍ 12 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിനെ ടോം കറന്‍ പുറത്താക്കി.
മോര്‍ഗന്‍ 23 പന്തില്‍ 34 റണ്‍സ് നേടി ടീമിനെ 174 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. കമലേഷ് നാഗര്‍കോടി 8 റണ്‍സ് നേടി.