കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയത്തോടെ ടീം ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 108/9 എന്ന സ്കോറിനു കൊല്‍ക്കത്തയെ തടഞ്ഞ ശേഷം 3 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈയുടെ വിജയം. ഷെയിന്‍ വാട്സണ്‍ ടീമിനു 9 പന്തില്‍ നിന്ന് 17 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും സുനില്‍ നരൈനു വിക്കറ്റ് നല്‍കി വേഗം മടങ്ങുകയായിരുന്നു.
സുരേഷ് റെയ്‍നയും 14 റണ്‍സ് നേടി പുറത്തായപ്പോള്‍ ചെന്നൈ 5 ഓവറില്‍ 35/2 എന്ന നിലയിലായിരുന്നു. സുനില്‍ നരൈന് തന്നെയായിരുന്നു രണ്ടാമത്തെ വിക്കറ്റും. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തു കൂടിയ ഫാഫ് ഡു പ്ലെസിയും അമ്പാട്ടി റായിഡുവും മെല്ലയെങ്കിലും ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു.
15ാം ഓവറില്‍ പിയൂഷ് ചൗളയുടെ ഓവറില്‍ അമ്പാട്ടി റായിഡു നല്‍കിയ അവസരം പ്രസിദ്ധ് കൃഷ്ണ കൈവിടുക കൂടി ചെയ്തപ്പോള്‍ തൊടുന്നതെല്ലാം കൊല്‍ക്കത്തയ്ക്ക് പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അതേ ഓവറില്‍ തന്നെ പിയൂഷ് അമ്പാട്ടി റായിഡുവിനെ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ 46 റണ്‍സാണ് റായിഡു-ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. റായിഡു 21 റണ്‍സ് നേടി പുറത്തായി.
ഫാഫ് ഡു പ്ലെസിയും കേധാര്‍ ജാഥവും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 15 പന്തുകള്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫാഫ് ഡു പ്ലെസി 43 റണ്‍സുമായി പുറത്താകാതെ നിന്നു.