ടീമെന്ന നിലയില്‍ കൊല്‍ക്കത്ത കാലങ്ങളോളം കൊണ്ടു നടന്ന ഐക്യവും ഒത്തൊരുമയും ഇത്തവണ കൈമോശം വന്നുവെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്തയുടെ ഉപ കോച്ച് സൈമണ്‍ കാറ്റിച്ച്. ഐപിഎലില്‍ സംഘത്തിന്റെ ഐക്യമാണ് പ്രധാനം. കൊല്‍ക്കത്ത എന്നും ഈ ഐക്യത്തിനു പേര് കേട്ട ടീമായിരുന്നു, എന്നാല്‍ ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ കൃത്യമായി തന്നെ ടീമെന്ന നിലയിലുള്ള കൊല്‍ക്കത്തയുടെ പ്രകടനം വല്ലാതെ ബാധിയ്ക്കപ്പെട്ട ഒരു കാര്യമാണ്. അതിനെ ടീമെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു കാര്യമാണെന്നും കാറ്റിച്ച് വ്യക്തമാക്കി.
കൃത്യമായി പറഞ്ഞാല്‍ മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ടീമിനു സമ്മര്‍ദ്ദമുണ്ടായിരുന്നു. അവസാന ചില മത്സരങ്ങളില്‍ ഫലം തങ്ങള്‍ക്കനുകൂലമായി മാറാതിരുന്നപ്പോള്‍ തന്നെ ഈ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങിയിരുന്നു. സീസണ്‍ തുടക്കത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ടീമായിരുന്നു കൊല്‍ക്കത്ത, പിന്നീട് തുടരെ 6 തോല്‍വികളോടെ ടീം പുറത്തേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. അവസാന മത്സരത്തിനു തൊട്ട് മുമ്പ് പഞ്ചാബിനെ കീഴടക്കുകയും സണ്‍റൈസേഴ്സ് തങ്ങളുടെ മത്സരങ്ങള്‍ കൈവിടുകയും ചെയ്തപ്പോള്‍ മുംബൈയ്ക്കെതിരെ അവസാന മത്സരം ജയിച്ചാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് കടക്കുമെന്ന സ്ഥിതിയായിരുന്നുവെങ്കിലും ടീമിനു അതിനു സാധിച്ചില്ല.