ദുബേയുടെ ബ്രൂട്ടൽ പവര്‍!!! അവസാന ഓവറിൽ ധോണിയുടെ സിക്സടി മേളം, കണക്കിന് വാങ്ങി മുംബൈ ബൗളിംഗ്

Sports Correspondent

ഐപിഎലിലെ എൽക്ലാസ്സിക്കോയിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.

Duberuturaj

പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.

Msdhoni

അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.