ചൈനീസ് ഇന്‍വെസ്റ്റ്മെന്റുള്ള ഡ്രീം ഇലവന്‍ മോഡിയുടെ ആത്മനിര്‍ഭര്‍ എന്ന സ്വപ്നങ്ങളെ തകര്‍ക്കുന്നു – ആദിത്യ വര്‍മ്മ

Sports Correspondent

ഡ്രീം ഇലവന്‍ ഐപിഎലിന്റെ സ്പോണ്‍സര്‍മാരായി എത്തുന്നത് അത്ര ശരിയായ ഒരു കീഴ്‍വഴക്കം അല്ലെന്ന് പറഞ്ഞ് ബിഹാര്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ്മ. ഡ്രീം ഇലവന്‍ ഇന്ത്യന്‍ കമ്പനിയാണെങ്കിലും വലിയ തോതില്‍ ചൈനീസ് ഇന്‍വെസ്റ്റ്മെന്റ് ഉള്ള കമ്പനിയാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആത്മനിര്‍ഭര്‍ എന്ന ആശയത്തെ തകര്‍ക്കുന്ന ഒന്നാണെന്നും ആദിത്യ വര്‍മ്മ പറഞ്ഞു.

അത് കൂടാതെ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയിലും വലിയ തോതില്‍ നിക്ഷേപമുള്ള ഒരു കമ്പനിയാണ് ഡ്രീം ഇലവന്‍ എന്ന് ആദിത്യ വര്‍മ്മ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കായിക രംഗത്തിന്റെ അഭ്യുദയകാംക്ഷിയെന്ന നിലയില്‍ ഐപിഎല്‍ വിജയകരമായി യുഎഇയില്‍ നടത്തപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ചൈനീസ് നിക്ഷേപമുള്ള കമ്പനി ഐപിഎലിന്റെ സ്പോണ്‍സറായതില്‍ തനിക്ക് വിഷമമുണ്ടെന്നും ആദിത്യ വര്‍മ്മ വ്യക്തമാക്കി.