ഒരു ഘട്ടത്തിൽ 150 റൺസ് പോലും കടക്കില്ലെന്ന തോന്നിപ്പിച്ച ചെന്നൈയെ 176/6 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ച് എംഎസ് ധോണി. ഏഴാം വിക്കറ്റിൽ ജഡേജയെ കാഴ്ചക്കാരനായി ധോണി മിന്നി തിളങ്ങിയപ്പോള്‍ ചെന്നൈ 13 പന്തിൽ നിന്ന് 35 റൺസാണ് നേടിയത്. ഇതിൽ 28 റൺസാണ് ധോണി 9 പന്തിൽ നിന്ന് നേടിയത്. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. 36 റൺസ് നേടി അജിങ്ക്യ രഹാനെയും 30 റൺസ് നേടിയ മോയിന്‍ അലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
രണ്ടാം ഓവറിൽ രച്ചിന്‍ രവീന്ദ്രയെ നഷ്ടമായ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 33 റൺസായിരുന്നു. മികച്ച ടച്ചിലാണെന്ന് തോന്നിപ്പിച്ച ഗായക്വാഡ് 13 പന്തിൽ 17 റൺസ് നേടിയാണ് പുറത്തായത്. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ജഡേജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 35 റൺസാണ് നേടിയത്.
24 പന്തിൽ 36 റൺസ് നേടിയ രഹാനെയെ ക്രുണാൽ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ അപകടകാരിയായ ശിവം ഡുബേയെ സ്റ്റോയിനിസ് മടക്കിയയച്ചു. സമീര്‍ റിസ്വിയെ ക്രുണാൽ പുറത്താക്കിയപ്പോള്‍ ചെന്നൈ 90/5 എന്ന നിലയിലേക്ക് വീണു.
ആറാം വിക്കറ്റിൽ ജഡേജ -മോയിന്‍ സഖ്യം നേടിയ 51 റൺസാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തുവാനുള്ള അടിത്തറ പാകിയത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് കരുതിയ സ്ഥിതിയിൽ നിന്ന് 33 പന്തിൽ 51 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് ചെന്നൈയെ മുന്നോട്ട് നയിച്ചത്.
രവി ബിഷ്ണോയിയെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിച്ച് മോയിന്‍ അലി പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തിൽ 30 റൺസാണ് മോയിന്‍ അലി നേടിയത്. എംഎസ് ധോണി കളത്തിലെത്തിയപ്പോള്‍ ചെന്നൈയെ താരം മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം ധോണി 9 പന്തിൽ 29 റൺസ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്.