ഇത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ച രാത്രിയായി മാറി. ധോണി ആരാധകർക്ക് ഒരു സ്വപ്ന രാത്രിയും. ഇന്ന് മത്സരത്തിന്റെ ഇരുപതാം ഓവറിൽ കളത്തിലിറങ്ങിയ ധോണി നാലു പന്ത് കൊണ്ട് ഒരു വിരുന്നു തന്നെയാണ് ക്രിക്കറ്റ് പ്രേമികൾക്ക് ഒരുക്കിയത്. ഡാരി മിച്ചൽ പുറത്തായപ്പോൾ ആയിരുന്നു ധോണി വന്നത്.
ധോണി വരുമ്പോൾ നാല് പന്തുകൾ മാത്രമായിരുന്നു ബാക്കി. ബൗൾ ചെയ്യുന്നത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ. മുംബൈയിൽ വെച്ച് അവരുടെ ക്യാപ്റ്റനെ ധോണി ആകാശത്തേക്ക് പറത്തി. നേരിട്ട ആദ്യ പന്ത് തന്നെ ഒരു പടുകൂറ്റൻ സിക്സ്. അതുതന്നെ മതിയായിരുന്നു ആരാധകർക്ക് മനസ്സ് നിറയാൻ. രണ്ടാം പന്തിലും ധോണി സിക്സ് ആവർത്തിച്ചു. ആദ്യ പന്ത് ലോങ്ങ് ഓഫിലൂടെ ആണെങ്കിൽ രണ്ടാമത്തെ സ്ലോട്ടിൽ വന്ന പന്ത് വൈഡ് ലോങ്ങ് ഓണിലൂടെ ധോണി സിക്സ് പറത്തി. ഹാർദിക് പതറിയ നിമിഷം.
അടുത്തത് ഒരു ഫുൾട്ടോസായിരുന്നു. ഡീപ്പ് സ്ക്വയർ ലെഗ്ഗിലേക്ക് ഒരു ഫ്ലിക്കിലൂടെ മൂന്നാം സിക്സ്. 200 കടക്കില്ല എന്ന് തോന്നിയ ചെന്നൈ സൂപ്പർ സെക്സ് 200 കടന്നു. അവസാന പന്ത് ഒരു സ്ലോ ബോൾ ആയിരുന്നു. ധോണി ആഞ്ഞടിക്കാൻ ശ്രമിച്ചു എങ്കിലും ഒരു ഇൻസൈഡ് എഡ്ജ് ആയി പുറകിലേക്ക് പോയി. ഡബിൾ എടുത്തു.
4 പന്തിൽ 20 റൺസുമായി ധോണിയുടെ ഗംഭീര കാമിയോ. വാങ്കെഡെ സ്റ്റേഡിയത്തിലും ലോകത്തെമ്പാടും ധോണിയെ കാണാൻ വേണ്ടിയിരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം നൽകിയ 4 പന്തുകൾ.