ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ റോള്‍ അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണെന്നും താന്‍ 30കളിലും 40കളിലും ഔട്ട് ആകുന്നത് നിര്‍ത്തി കുറച്ച് നേരം കൂടി തന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുവാന്‍ ആണ് ശ്രമിച്ചതെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഷെയിന്‍ വാട്സണോടൊപ്പം ബാറ്റ് ചെയ്യുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ടീമിനും സ്വന്തമായും വാട്സണ്‍ റണ്‍സ് കണ്ടെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.
ഈ ഇലവനില്‍ വിശ്വസിച്ച എംഎസ് ധോണിയ്ക്കും സ്റ്റീഫന്‍ ഫ്ലെമിംഗിനുമാണ് മുഴുവന്‍ ക്രെഡിറ്റ് എന്നും ഫാഫ് വ്യക്തമാക്കി. ചെന്നൈ പരമ്പരാഗതമായി തങ്ങളുടെ താരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന ഒരു ഫ്രാഞ്ചൈസിയാണെന്നും എന്നാല്‍ മറ്റു ഫ്രാഞ്ചൈസികള്‍ പലപ്പോഴും മാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരാണെന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു.
അതിന്റെ ക്രെഡിറ്റ് മാനേജ്മെന്റിന് കൂടിയാണെന്നും ഫാഫ് അഭിപ്രായപ്പെട്ടു. കാഴ്ചയിലുള്ളത് പോലെ ഈ സമീപനം അത്ര എളുപ്പമുള്ളതല്ലെന്നും കൂടി മനസ്സിലാക്കണമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.