ഐപിഎൽ 2023ൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഇന്നലെ ഡൽഹി മാറി. 12 മത്സരങ്ങള്‍ ഡൽഹി പൂര്‍ത്തിയാക്കിയപ്പോള്‍ ടീമിന് 8 പോയിന്റ് മാത്രമാണുള്ളത്. അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിച്ചാലും ഡൽഹിയ്ക്ക് 12 പോയിന്റിലേക്ക് മാത്രമേ എത്താനാകൂ എന്നതിനാൽ തന്നെ ഔദ്യോഗികമായി ഐപിഎലിന്റെ ഈ സീസണിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഡൽഹി ക്യാപിറ്റൽസ് മാറി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്സും ഒഴികെ ബാക്കി ടീമുകളെല്ലാം തന്നെ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 16 പോയിന്റുമായി പ്ലേ ഓഫിന് തൊട്ടരികിലുണ്ട്. ഗുജറാത്ത് പുറത്താകുവാന്‍ വിദൂര സാധ്യതമാത്രമാണുള്ളത്. ഇനിയുള്ള മത്സരങ്ങളിൽ മുംബൈ ലക്നൗ മത്സരമുള്ളതിനാൽ തന്നെ ഗുജറാത്ത് ഇനിയുള്ള മത്സരങ്ങളെല്ലാം തോറ്റാലും ഈ ടീമുകളിൽ ഒന്നിന് മാത്രമേ ഗുജറാത്തിനെ മറികടക്കാന്‍ സാധിക്കുകയുള്ളു. അതിനാൽ തന്നെ ഗുജറാത്തും രണ്ടാം സ്ഥാനത്തുള്ള ചെന്നൈയും തന്നെയാണ് പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമുകള്‍.
ചെന്നൈ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തും മുംബൈ 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണിപ്പോള്‍ നിൽക്കുന്നത്. 13 പോയിന്റ് നേടിയ ലക്നൗ ആണ് നാലാം സ്ഥാനത്ത്. രാജസ്ഥാന്‍ റോയൽസിനും പഞ്ചാബ് കിംഗ്സിനും 12 പോയിന്റാണുള്ളത്. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കണം.
10 പോയിന്റ് വീതമുള്ള കൊൽക്കത്തയും റോയൽ ചലഞ്ചേഴ്സും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുമ്പോള്‍ ഒരു മത്സരം കുറവ് കളിച്ചതിന്റെ ആനുകൂല്യം ആര്‍സിബിയ്ക്കുണ്ട്.
ആര്‍സിബിയുടെ ഇനിയുള്ള മത്സരങ്ങള്‍ ഇന്ന് രാജസ്ഥാനോടും പിന്നീട് സൺറൈസേഴ്സിനോടും ടൂര്‍ണ്ണമെന്റിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനോടുമാണ്. ഇത് മൂന്നും വിജയിച്ചാൽ ടീമിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകും. 9ാം സ്ഥാനത്തുള്ള സൺറൈസേഴ്സിനും നേരിയ സാധ്യതയുള്ളപ്പോള്‍ ഇത്രയും ആവേശകരമായ ഐപിഎൽ സീസൺ കണ്ടിട്ടില്ലെന്നാണ് ഏവരും ഒരു പോലെ വിലയിരുത്തുന്നത്.