ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും നഷ്ടമായപ്പോള്‍ ടീം 21/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.
ശിഖര്‍ ധവാനെ(8) കാര്‍ത്തിക് ത്യാഗിയും പൃഥ്വി ഷായെ(10) ചേതന്‍ സക്കറിയയുമാണ് പുറത്താക്കിയത്. തുടര്‍ന്ന് ഡല്‍ഹിയെ മത്സരത്തിലേക്ക് മുന്‍ ക്യാപ്റ്റനും നിലവിലെ ക്യാപ്റ്റനും ചേര്‍ന്ന് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്.
മൂന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ടാണ് ശ്രേയസ്സ് അയ്യര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ട് നേടിയത്. ഇന്നിംഗ്സിന്റെ 12ാം ഓവറിൽ മുസ്തഫിസുര്‍ 24 റൺസ് നേടിയ പന്തിനെ പുറത്താക്കിയാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു തെവാത്തിയയുടെ പന്തിൽ അയ്യരെ പുറത്താക്കുകയായിരുന്നു.
83/2 എന്ന നിലയിൽ നിന്ന് 90/4 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുന്നതാണ് കണ്ടത്. ഷിമ്രൺ ഹെറ്റ്മ്യര്‍ പവര്‍ ഹിറ്റിംഗിലൂടെ മത്സരത്തിലേക്ക് ഡല്‍ഹിയെ തിരികെ കൊണ്ടുവരുമെന്ന് കരുതിയെങ്കിലും 16 പന്തിൽ 28 റൺസ് നേടിയ താരത്തെ മുസ്തഫിസുര്‍ പുറത്താക്കുകയായിരുന്നു.
ലളിത് യാദവ് പുറത്താകാതെ 14 റൺസുമായി നിന്നപ്പോള്‍ അക്സര്‍ പട്ടേൽ 12 റൺസ് നേടി. മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും രാഹുല്‍ തെവാത്തിയ, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഓരോ വിക്കറ്റും നേടി.