ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലും കൊറോണ വൈറസ് ബാധ

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലും കൊറോണ വൈറസ് ബാധ. ഡൽഹി ക്യാപിറ്റൽസ് സഹ ഫിസിയോതെറാപ്പിസ്റ്റിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.

യു.എ.ഇയിൽ എത്തിയതിന് ശേഷമുള്ള രണ്ട് ടെസ്റ്റിലും കൊറോണ നെഗറ്റീവ് ആയ ഫിസിയോതെറാപ്പിസ്റ്റിന് മൂന്നാമത്തെ ടെസ്റ്റിൽ കൊറോണ പോസറ്റീവ് ആവുകയായിരുന്നു. ഫിസിയോതെറാപ്പിസ്റ്റിന് കൊറോണ പോസിറ്റീവ് ആയ വിവരം ഡൽഹി ക്യാപിറ്റൽസ് തന്നെയാണ് പത്ര കുറിപ്പിലൂടെ അറിയിച്ചത്. ഫിസിയോതെറാപ്പിസ്റ്റ് തുടർന്ന് ക്വറന്റൈനിൽ പോയിട്ടുണ്ടെന്നും ഡൽഹി ക്യാപിറ്റൽസ് അധികൃതർ വ്യക്തമാക്കി.

താരം ടീമുമായി ബന്ധപ്പെട്ട ഒരാളുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ഐ.പി.എൽ ഐസൊലേഷൻ ക്യാമ്പിലേക്ക് ആളെ മാറ്റിയിട്ടുണ്ടെന്നും ഡൽഹി ക്യാപിറ്റൽസ് വ്യക്തമാക്കി. 14 ദിവസത്തിന് ശേഷം രണ്ട് കോവിഡ് നെഗറ്റീവ് ടെസ്റ്റുകൾ ലഭിച്ചാൽ മാത്രമാവും ഫിസിയോതെറാപ്പിസ്റ്റ് ടീമിനൊപ്പം ചേരുക.