12 മത്സരങ്ങള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങിയപ്പോള്‍ താരം 692 റണ്‍സുമായി ഐപിഎലിലെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പിന്നീട് രണ്ട് മത്സരങ്ങള്‍ക്ക് കൂടി തൊട്ട് പുറകിലുള്ള കെഎല്‍ രാഹുലിനും ആന്‍ഡ്രേ റസ്സലിനും കളിയ്ക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും വാര്‍ണറുടെ അടുത്തെത്തുവാന്‍ കൂടി ആര്‍ക്കും സാധിച്ചില്ല.
തന്റെ അവസാന മത്സരത്തില്‍ 71 റണ്‍സ് 36 പന്തില്‍ നിന്ന് നേടിയ ലോകേഷ് രാഹുലാണ് ഇപ്പോള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 593 റണ്‍സാണ് ലോകേഷ് രാഹുല്‍ 14 മത്സരങ്ങളില്‍ നിന്ന് നേടിയത്. തന്റെ അവസാന മത്സരത്തില്‍ പൂജ്യത്തിനു പുറത്തായ റസ്സലിനു 14 മത്സരങ്ങളില്‍ നിന്ന് നേടാനായത 510 റണ്‍സാണ്.
വാര്‍ണറുടെ റണ്‍സ് മറികടക്കുവാന്‍ നേരിയ സാധ്യതയെങ്കിലും ഇനിയുള്ളത് രണ്ട് താരങ്ങള്‍ക്കാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്വിന്റണ്‍ ഡി കോക്കും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനുമാണ് ഈ രണ്ട് താരങ്ങള്‍. ക്വിന്റണ്‍ ഡി കോക്ക് 492 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാന്റെ നേട്ടം 486 റണ്‍സാണ്.
എന്നാല്‍ ഇനി ഏറ്റവും അധികം മൂന്ന് മത്സരങ്ങളാണ് ഈ താരങ്ങള്‍ക്ക് കളിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം. 200 റണ്‍സാണ് വാര്‍ണറെ മറികടക്കുവാന്‍ ഡി കോക്ക് നേടേണ്ടത്. അതേ സമയം ധവാന്‍ 106 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ഇതുവരെയുള്ള മത്സരങ്ങളെ വീക്ഷിച്ചാല്‍ വാര്‍ണറെ ഈ സീസണില്‍ മറികടക്കുവാന്‍ ആരും തന്നെയില്ലെന്ന് വേണം വിലയിരുത്തുവാന്‍.