ഐപിഎല്‍ 2019 സീസണില്‍ ഡേവിഡ് വാര്‍ണറുടെ പ്രയാണത്തിനു ഇന്നലെ വിരാമമായി. ഓസ്ട്രേലിയന്‍ ദേശീയ ടീമിലേക്ക് താരം മടങ്ങുമ്പോള്‍ 692 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ ടൂര്‍ണ്ണമെന്റില്‍ 12 മത്സരങ്ങളില്‍ നിന്നായി നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കെഎല്‍ രാഹുല്‍ വാര്‍ണറുടെ റണ്‍സിലും 172 റണ്‍സ് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്.
വാര്‍ണര്‍ എട്ട് അര്‍ദ്ധ ശതകങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ നേടിയത്. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 100 നോട്ടൗട്ടാണ്. 57 ഫോറും 21 സിക്സുകളുമാണ് വാര്‍ണര്‍ സ്വന്തമാക്കിയിരിക്കുന്നത്. 143.86 എന്ന സ്ട്രൈക്ക് റേറ്റോടു കൂടിയാണ് താരത്തിന്റെ പ്രകടനം. 69.20 എന്ന ശരാശരിയോടെയാണ് താരത്തിന്റെ സ്കോറിംഗ്.
ഓറഞ്ച് ക്യാപ് ഉടമയായ ഡേവിഡ് വാര്‍ണറില്‍ നിന്ന് ഈ നേട്ടം തട്ടിയെടുക്കുവാന്‍ കെഎല്‍ രാഹുലിനു കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കൂടി ലഭിയ്ക്കും. പ്ലേ ഓഫ് യോഗ്യത പഞ്ചാബിനു ഉറപ്പായിട്ടില്ല എന്നത് രാഹുലിന്റെ സാധ്യതകള്‍ക്ക് പ്രതികൂലമായിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ആന്‍ഡ്രേ റസ്സല്‍ 486 റണ്‍സുമായും നാലാം സ്ഥാനത്ത് ശിഖര്‍ ധവാനും(451) അഞ്ചാമനായി ക്രിസ് ഗെയിലുമാണ് സ്ഥിതി ചെയ്യുന്നത്(448).