കോള്‍ട്ടര്‍-നൈലിനു പകരം ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് ആര്‍സിബി

പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിനു പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡെയില്‍ സ്റ്റെയിനിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ ലേലത്തില്‍ ആരും ഡെയില്‍ സ്റ്റെയിനിനെ വാങ്ങിയിരുന്നില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെയില്‍ സ്റ്റെയിന്‍ ഐപിഎലിലേക്ക് എത്തുന്നത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് അവസാനമായി ഡെയില്‍ സ്റ്റെയിന്‍ അവസാനമായി കളിച്ചത്.

2008 മുതല്‍ 2010 വരെ ആര്‍സിബിയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡെയില്‍ സ്റ്റെയിന്‍. 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളാണ് താരം നേടിയത്. ഏപ്രില്‍ 13നു പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ആര്‍സിബി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ആറിലും പരാജയമാണ് ഏറ്റുവാങ്ങിയത്. അതിനടുത്ത മത്സരത്തില്‍ മുംബൈയാണ് ടീമിന്റെ എതിരാളികള്‍.

എന്നാല്‍ ഈ രണ്ട് മത്സരങ്ങളിലും താരം ടീമിനൊപ്പം എത്തുകയില്ലെന്നാണ് അറിയുന്നത്. ഏപ്രില്‍ 16 മുതല്‍ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളുവെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.