എംഎസ് ധോണി ക്രീസിലെത്തുവാന്‍ വൈകിയതാകാം ചെന്നൈയുടെ തോൽവിയ്ക്ക് കാരണമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാരെ ചിന്തിപ്പിക്കുന്ന ഒരു മത്സരത്തിൽ ചെന്നൈയ്ക്ക് 20 റൺസിന്റെ തോൽവി. ഒരു പക്ഷേ രവീന്ദ്ര ജഡേജയ്ക്ക് മുന്നേ ഇന്ത്യന്‍ ഇതിഹാസം ക്രീസിലെത്തിയിരുന്നുവെങ്കിൽ ചെന്നൈയുടെ വിധി ഇന്ന് മറ്റൊന്നാകുമായിരുന്നു. എന്നാൽ ഈ ഐപിഎലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയും ചെന്നൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ചും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് വിജയത്തിനൊപ്പം നിൽക്കുന്നു.
192 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 171 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ധോണി 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 17 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്. ആദ്യ ഓവറുകളിൽ സ്കോറിംഗ് വേഗത കൊണ്ടുവരാന്‍ സാധിക്കാതെ വന്നതും ചെന്നൈയ്ക്ക് തിരിച്ചടിയായി.
ആദ്യ ഓവറിൽ തന്നെ റുതുരാജിനെയും അധികം വൈകാതെ രച്ചിന്‍ രവീന്ദ്രയും ഖലീൽ അഹമ്മദ് പുറത്താക്കിയപ്പോള്‍ ചെന്നൈ 7/2 എന്ന നിലയിലേക്ക് വീണു. ഡാരിൽ മിച്ചലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ചെന്നൈ.
എന്നാൽ ഇതേ സ്കോറിൽ ഡാരിൽ മിച്ചലിനെ ചെന്നൈയ്ക്ക് നഷ്ടമായി. 34 റൺസായിരുന്നു മിച്ചലിന്റെ സംഭാവന. 45 റൺസ് നേടിയ അജിങ്ക്യ രഹാനെയെയും സമീര്‍ റിസ്വിയെയും പുറത്താക്കി മുകേഷ് കുമാര്‍ മത്സരത്തിൽ ഡൽഹിയുടെ ആധിപത്യം ഉറപ്പിച്ചു.
തൊട്ടടുത്ത പന്തിൽ ശിഖം ഡുബേയെ മുകേഷ് കുമാര്‍ പുറത്താക്കി. 18 റൺസായിരുന്നു താരം നേടിയത്. രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി ധോണി എത്തിയപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 2 ഓവറിൽ 46 റൺസായി മാറി. മുകേഷ് കുമാര്‍ 19ാം ഓവറിൽ വെറും 5 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ 41 റൺസ് നേടേണ്ട സ്ഥിതിയായിരുന്നു ചെന്നൈയ്ക്ക് മുന്നിൽ.
അവസാന ഓവറിൽ നോര്‍ക്കിയയെ ധോണി രണ്ട് സിക്സുകള്‍ക്കും രണ്ട് ഫോറിനും പായിച്ച് ഓവറിൽ നിന്ന് 20 റൺസ് വന്നുവെങ്കിലും ചെന്നൈയ്ക്ക് 20 റൺസ് തോൽവിയായിരുന്നു ഫലം.