Ruturajgaikwaddevonconway

ഓപ്പണര്‍മാരുടെ മികവുറ്റ പ്രകടനം, ചെന്നൈയ്ക്ക് മികച്ച വിജയം

ഐപിഎലില്‍ സൺറൈസേഴ്സിനെ 134 റൺസിന് ഒതുക്കിയ ശേഷം 18.4 ഓവറിൽ 7 വിക്കറ്റ് വിജയം ഉറപ്പാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ ഡെവൺ കോൺവേയും റുതുരാജ് ഗായക്വാഡും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയ 87 റൺസ് കൂട്ടുകെട്ടാണ് ചെന്നൈയുടെ വിജയം വേഗത്തിലാക്കിയത്.

പവര്‍പ്ലേയിലെ അവസാന ഓവറിൽ മാര്‍ക്കോ ജാന്‍സനെ നാല് ഫോറുകള്‍ക്കും ഒരു സിക്സിനും ഡെവൺ കോൺവേ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസും പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസുമാണ് ചെന്നൈ നേടിയത്.

ഈ കൂട്ടുകെട്ട് വിക്കറ്റ് നഷ്ടമില്ലാതെ പത്തോവറിൽ ചെന്നൈയെ 86 റൺസിലേക്ക് എത്തിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ 35 റൺസ് നേടിയ റുതുരാജ് റണ്ണൗട്ട് ആകുകയായിരുന്നു. ഡെവൺ കോൺവേയുടെ മികച്ചൊരു സ്ട്രെയിറ്റ് ഡ്രൈവ് ഉമ്രാന്‍ മാലികിന്റെ കൈയ്യിൽ കൊണ്ട് നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റുതുരാജിനെ റണ്ണൗട്ടാക്കുകയായിരുന്നു.

പത്തോവറിന് ശേഷം അടുത്ത മൂന്നോവറിൽ വെറും 9 റൺസ് മാത്രം സൺറൈസേഴ്സ് ബൗളര്‍മാര്‍ വിട്ട് നൽകിയപ്പോള്‍ ചെന്നൈയ്ക്ക് അവസാന ഏഴോവറിൽ 40 റൺസായിരുന്നു ജയത്തിനായി നേടേണ്ടിയിരുന്നത്.

മയാംഗ് മാര്‍ക്കണ്ടേ അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായിഡുവിനെയും പുറത്താക്കിയെങ്കിലും ഡെവൺ കോൺവേ 77 റൺസുമായി ചെന്നൈയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

Exit mobile version